യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്; എഫ്‌ഐആർ റദ്ദാക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിലെ എഫ്‌ഐആർ റദ്ദാക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു വ്യക്തമാക്കി. ഇതേത്തുടർന്ന് യുഎൻഎ ഭാരവാഹികൾ ഹർജി പിൻവലിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നായിരുന്നു യുഎൻഎ ഭാരവാഹികളുടെ നിലപാട്. എന്നാൽ വിശദമായ വാദമുഖങ്ങളിലേക്ക് കടക്കാൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
Read Also; യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട്; നാല് ഭാരവാഹികൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇതോടെ യു.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് ഹർജി പിൻവലിക്കുകയായിരുന്നു. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംഘടനയെ തകർക്കാനാണ് ശ്രമമെന്നതുൾപ്പെടെയുള്ള യു.എൻ.എ വാദങ്ങൾ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ സംഘടനയുടെ പ്രസിഡന്റ് ജാസ്മിൻഷായുടെ ഭാര്യ ഷബ്നയെ നേരത്തെ പ്രതിചേർത്തിരുന്നു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് നടപടി. ഷബ്നയുടെ അക്കൗണ്ടിലേക്ക് യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരിൽ തൃശൂരിൽ നാല് ഫ്ളാറ്റുകൾ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
Read Also; സാമ്പത്തിക ക്രമക്കേട്; യുഎൻഎയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം
ഒരു ഫ്ളാറ്റ് യുഎൻഎ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ യുഎൻഎ പ്രസിഡൻറ് ജാസ്മിൻഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞയാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജാസ്മിൻഷായ്ക്ക് പുറമെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിൻഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here