ശബരിമലയെ തകർക്കാൻ സർക്കാരുണ്ടാക്കിയ കൃത്രിമ സംവിധാനമാണ് നവോത്ഥാന സമിതിയെന്ന് വി.മുരളീധരൻ

നവോത്ഥാന സംരക്ഷണ സമിതി പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇപ്പോൾ പലരും പിൻമാറുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ഹൈന്ദവ ഐക്യത്തിനായി എല്ലാ സമുദായങ്ങളിലെയും ആളുകൾ ഒന്നിച്ചുവരേണ്ടത് ആവശ്യമാണ്. ഇതിന് സർക്കാരല്ല ഇടപെടേണ്ടത്. സംസ്ഥാന സർക്കാർ കൃത്രിമമായി നടത്തുന്ന ശ്രമങ്ങളെല്ലാം ഇപ്പോൾ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ശബരിമലയെയും ശബരിമല സമരത്തെയും തകർക്കാനായി സർക്കാർ താൽകാലികമായി തട്ടിക്കൂട്ടിയ കൃത്രിമ സംവിധാനമാണ് നവോത്ഥാന സമിതി . അതെല്ലാം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇപ്പോൾ എല്ലാവരും പിൻമാറുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. വർക്കല ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
Read Also; നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് പുന്നല ശ്രീകുമാർ
ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുൻ കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ചില സംഘടനകൾ പിൻമാറുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ അമ്പതിലധികം സമുദായ സംഘടനകളാണ് സമിതി വിടാൻ തീരുമാനിച്ചത്.സമിതിയുടെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകൾ സമിതി വിടുമെന്ന് പ്രഖ്യാപിച്ചത്.
സമിതിയുടെ പ്രവർത്തനങ്ങൾ ചില സംഘടനകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഹിന്ദു പാർലമെന്റ് അധ്യക്ഷൻ സി.പി സുഗതൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.കേവലം സംവരണ മുന്നണിയായി സമിതി മാറിയെന്നും ഇവർ ആരോപിച്ചു. സമിതിയുടെ കൺവീനർ പുന്നല ശ്രീകുമാറും ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് നേതാവുമായ സി.പി സുഗതനും തമ്മിലുള്ള ഭിന്നതയാണ് പിളർപ്പിനുളള കാരണമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here