Advertisement

മലയാളത്തിലെ ആദ്യ സിനിമയിൽ അഭിനയിച്ചതിന് ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെട്ട പികെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റിയുമായി ഡബ്ല്യുസിസി

September 13, 2019
Google News 1 minute Read

സിനിമയില്‍ അഭിനയിച്ചതിന് സാമൂഹികമായ ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തപ്പെട്ട നടി പികെ റോസിയുടെ പേരിൽ ഫിലിം സൊസൈറ്റിയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ്. മലയാള സിനിമയുടെ ആദ്യ അഭിനേത്രിയും ദളിത് സ്ത്രീയുമായ പികെ റോസിയുടെ പേരില്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്ന വിവരം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഡബ്ല്യുസിസി പുറത്തുവിട്ടിട്ടുണ്ട്.

ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരില്‍ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്, ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുകയാണ്. 1928 ല്‍ പുറത്തിറങ്ങിയ ‘വിഗതകുമാരന്‍’ എന്ന നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താല്‍ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി.

പി.കെ റോസിയുടെ പേരില്‍ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തില്‍ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വര്‍ണ്ണ സ്വത്വങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ടവരോടൊപ്പം നില്‍ക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന ചെയ്ത നമ്മുടെ ലോഗോയും പി.കെ റോസിയെ ദൃശ്യവത്കരിക്കുന്നതാണ്.

മിക്കപ്പോഴും ആണിടങ്ങളാവാറുള്ള ഇത്തരത്തിലുള്ള വ്യൂവിങ് സ്‌പെയ്‌സുകള്‍ക്കിടയില്‍ ഒരിടം സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് പി.കെ റോസി ഫിലിം സൊസൈറ്റി. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂര്‍ണ്ണമായും സ്ത്രീ/ട്രാന്‍സ്-സ്ത്രീകളാല്‍ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.

ഇതൊരു ജനാധിപത്യപരമായ ഇടമായിരിക്കുകയും ഇതിന് സമകാലീന ചലച്ചിത്ര കലാവിജ്ഞാനീയത്തിലേക്കും, അത് സംബന്ധിച്ച ചര്‍ച്ചകളിലേക്കും, സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here