ഒരു രാജ്യം ഒരു ഭാഷ; അമിത് ഷായെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ആരിഫ് ഖാൻ അമിത് ഷായെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുമെന്നും ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും ആരിഫ് ഖാൻ ട്വീറ്റ് ചെയ്തു.
A language inspires and unites people. Let us strengthen our unity through Hindi, our natinal language. Along with our mother tongue, let us use Hindi in our work. My best wishes on #HindiDiwas #HindiDiwas2019
— Kerala Governor (@KeralaGovernor) September 14, 2019
രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്. രാജ്യത്ത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്കേ അതിന് സാധിക്കുവെന്നും മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വർധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ദിനത്തോടനുബന്ധിച്ചാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയുടേയും സർദാർ പട്ടേലിന്റെയും സ്വപ്‌നം സാക്ഷാത്കരിക്കാൻ എല്ലാവരും മാതൃഭാഷയോടൊപ്പം ഹിന്ദിയും സംസാരിക്കണമെന്ന് അമിത് ഷാ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്.
Read also: ‘ഒരു രാജ്യം ഒരു ഭാഷ’ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം; കർണാടകയിൽ ജനങ്ങൾ തെരുവിലിറങ്ങി
അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. അമിത് ഷാ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ ഐക്യപ്പെടുത്തില്ലെന്നായിരുന്നു പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here