നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. രാജ്കുമാർ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നാം പ്രതിയാണ് എസ്.ഐ കെഎ സാബു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ കസ്റ്റഡി കൊലപാതകം വളരെ ലഘുവായാണ് ഹൈക്കോടതി കൈകാര്യം ചെയ്തതെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഒരു സാധാരണ ക്രിമിനൽ കേസെന്ന മട്ടിലാണ് എസ്ഐയ്ക്ക് ജാമ്യം അനുവദിച്ചത്. മാത്രമല്ല, അന്വേഷണത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഹൈക്കോടതിയിൽ നിന്നുണ്ടായി. കസ്റ്റഡി പീഡനം ഏറ്റില്ലെന്ന് രാജ്കുമാർ മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടുണ്ടല്ലോ തുടങ്ങിയ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. സാബു ജാമ്യത്തിൽ നിൽക്കുന്നത് രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണ്. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് 13നാണ് എസ്‌ഐ കെഎ സാബുവിന് ജാമ്യം ലഭിക്കുന്നത്. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ മർദിച്ചെന്ന് രാജ്കുമാർ പറഞ്ഞിട്ടില്ലെന്ന് മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടുണ്ടെന്നും കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Read Also : നെടുങ്കണ്ടം കസ്റ്റഡി മരണം; മേലുദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ചില കണ്ണികൾ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരിൽ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹരിത ഫിനാൻസ് തട്ടിപ്പിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂൺ 12 മുതൽ 16 വരെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്റെ വിശ്രമ മുറിയിൽ ക്രൂരമായ മർദനത്തിനിരയാക്കുകയായിരുന്നു. 16നു കോടതിയിൽ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാൻഡ് ചെയ്ത രാജ്കുമാർ, ജൂൺ 21ന് പീരുമേട് സബ് ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top