മരട് ഫ്‌ളാറ്റ്; മൂന്നിന പ്രശ്‌ന പരിഹാര നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Ramesh Chennithala 1

മരടിലെ ഫ്‌ളാറ്റ് സമുച്ഛയം പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നിന പ്രശ്‌നപരിഹാര നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനഃരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ നിർദേശങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ടുവക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ മന്ത്രിക്കും ചെന്നിത്തല കത്തയച്ചു.

ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യവും സ്വരൂപിച്ച് ഫ്‌ളാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് അവിടെ കാണേണ്ടി വന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും ഇടത്തരക്കാരാണ്. കിടപ്പാടം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരുമെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കുന്നു.

അതേസമയം, മരടിലെ ഫ്‌ളാറ്റുകൾ ഒഴിയുന്നതിന് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്‌ളാറ്റുകൾ ഒഴിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഫ്‌ളാറ്റുടമകൾ നടത്തുന്ന സമരം തുടരുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി 357 കുടുംബങ്ങൾക്കാണ് ഇന്ന് വൈകുന്നേരത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top