നാസിലിന്റേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം; പിന്നിൽ ഒരാൾ കൂടിയുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി

ചെക്ക് കേസുമായി ബന്ധപെട്ട ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഐഎം ആണെന്ന പ്രസ്താവന ശരിയല്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കേസിന് പിന്നിൽ രാഷ്ട്രീയമില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായിച്ചുവെന്നും അജ്മാനിൽ നിന്ന് ചെക്ക് കേസ് തള്ളിയ ശേഷം കേരളത്തിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
രക്ഷപെട്ടത് കൊടും ചതിയിൽ നിന്നാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഭീഷണിപ്പെടുത്തി കേസിൽ പണം തട്ടാനുള്ള ശ്രമമാണ് നാസിൽ അബ്ദുള്ള നടത്തിയത്. നാസിലിന് പിന്നിൽ ഒരാൾ കൂടി ഉണ്ട്. അത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും നാസിൽ മാധ്യമങ്ങൾക്ക് മുന്നിൽ തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകുമെന്നും തുഷാർ പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ചെയ്തത് അദ്ദേഹത്തിന്റെ കടമയാണ്. യൂസഫ് അലിയെ പോലൊരു മനുഷ്യനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചെന്നും തുഷാർ പറഞ്ഞു
രാവിലെ 9.10 ഓടെ നെടുമ്പാശേരിയിലെത്തിയ തുഷാർ വെള്ളാപള്ളിക്ക് എസ്എൻഡിപി, ബിഡിജെഎസ് പ്രവർത്തകർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. എസ്എൻഡിപിയുടെ വക ആലുവ അദ്വൈതാശ്രമത്തിലും തുഷാർ വെള്ളാപ്പള്ളിക്ക് സ്വീകരണം ഒരുക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here