ജമ്മു കശ്മീർ വിഷയം; ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Supreme court judiciary

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ തന്റെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ ഹർജിയും, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ കുറിച്ച് വിവരമില്ലെന്ന വൈക്കോയുടെ ഹർജിയും കോടതി പരിഗണിക്കും. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ സംബന്ധിച്ചു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകടിപ്പിച്ച ആശങ്കയും കോടതിയ്ക്ക് മുന്നിലെത്തും.

കശ്മീരിലെ വീട്ടിലേക്ക് പോകാനെത്തിയ തന്നെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞെന്നും ഡൽഹിയ്ക്ക് മടക്കി അയച്ചെന്നുമാണ് ഗുലാം നബി ആസാദിന്റെ പരാതി. വീട്ടിൽ പോകണമെന്നും കശ്മീരിലെ സ്ഥിതി നേരിൽ കാണണമെന്നും ഗുലാം നബി ആസാദ് ഹർജിയിൽ ആവശ്യപ്പെട്ടു. എംഡിഎംകെ നേതാവ് വൈക്കോ ഹേബിയസ് കോർപസ് ഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള സമ്മതിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ കുറിച്ചു വിവരം ലഭ്യമല്ലെന്നും കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടണമെന്നുമാണ് വൈക്കോയുടെ ആവശ്യം.

കശ്മീരിൽ മാധ്യമപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണെന്ന ഹർജി സമർപ്പിച്ചത് കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ബാസിനാണ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞ ബിജെപി സർക്കാരിന്റെ നടപടി റദ്ദു ചെയ്യണം, താഴ്‌വരയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബന്ധങ്ങൾ പുനഃസ്ഥാപിക്കണം, അപ്രഖ്യാപിത കർഫ്യു പിൻവലിക്കണം, കശ്മീരി നേതാക്കളെ കരുതൽ തടങ്കലിൽ നിന്ന് മോചിപ്പിക്കണം തുടങ്ങിയയാണ് മറ്റ് ഹർജികളിലെ ആവശ്യങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More