ഓൺ ലൈൻ രജിസ്‌ട്രേഷന് ചുരുങ്ങിയ സമയം; സ്‌കൂൾ തല കായികമേള പ്രഹസനമായേക്കും

ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു. സ്‌കൂൾ തല കായിക മത്സരങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഒരു ഉത്തരവാണ് അധ്യാപകർക്ക് തലവേദനയായിരിക്കുന്നത്. ഈ മാസം പതിനെട്ടിന് മുൻപ് കായിക മത്സരങ്ങൾ പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പതിനെട്ടിന് വൈകിട്ട് അഞ്ചിന് മുൻപ് വിജയികളായ വിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്നും ഉത്തരവിൽ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇത് സാധ്യമാകുമോയെന്ന ആശങ്കയിലാണ് അധ്യാപകർ.
ഓണാവധിക്ക് മുൻപ് പരീക്ഷ സമയത്ത് സെപ്തംബർ അഞ്ചിനാണ് സ്‌കൂളുകളിൽ ഉത്തരവിന്റെ കോപ്പി ലഭിച്ചത്. ആറിന് ഓണാവദി ആരംഭിച്ചു. തുടർന്ന് ഇന്നാണ് സ്‌കൂളുകൾ തുറന്നത്. നാളെയും മറ്റന്നാളുമായി കായിക മത്സരങ്ങൾ നടത്താമെന്ന് കരുതിയാൽ അതിന് സമയം പരിമിതമാണ്. കായികമേളക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനോ, കായിക താരങ്ങൾക്ക് പരിശീലനം നടത്താനോ ഉള്ള സമയം ലഭിച്ചിട്ടില്ല.
പ്രളയത്തെ തുടർന്ന് പല സ്‌കൂളുകളിലേയും മൈതാനത്തിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പരിഹാരമില്ല. ഓൺ ലൈൻ എൻട്രി നടത്താത്ത വിദ്യാർത്ഥികൾക്ക് സബ്ജില്ലാ, ജില്ലാ കായിക മേളകളിൽ പങ്കെടുക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതും തിരിച്ചടിയായേക്കും. ഇതോടെ ഇത്തവണത്തെ കായികമേള കാട്ടിക്കൂട്ടലുകൾ മാത്രമാകാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here