ദളിതനായ ബിജെപി എംപി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് സവര്‍ണര്‍ തടഞ്ഞു

ദളിത് വിഭാഗത്തില്‍പ്പെടുന്നു എന്ന കാരണം പറഞ്ഞ് ബിജെപി എംപിയെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞതായി പരാതി. കര്‍ണാടകത്തിലെ തുംകൂര് ആണ് സംഭവം. ബിജെപി എംപി, എ നാരായണസ്വാമിയെ ആണ് ഗ്രാമീണര്‍ തടഞ്ഞത്.

തുംകൂര് ജില്ലയിലെ ഗോല്ലരഹട്ടി എന്ന സ്ഥലത്ത് ആണ് സംഭവം. യാദവ വിഭാഗത്തില്‍പ്പെട്ടവര്‍ എംപി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു. തങ്ങള്‍ക്ക് ആചാരങ്ങളുണ്ട്, അതുകൊണ്ട് എംപിയെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഗ്രാമീണര്‍ പറ‍ഞ്ഞു – പ്രദേശവാസി വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് വിശദീകരിച്ചു.

ചിത്രദുര്‍ഗ ലോക് സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് നാരായണസ്വാമി. വികസന പ്രശ്‍‍നങ്ങളില്‍ ജനങ്ങളെ കാണാനാണ് എംപി എത്തിയത്.റോഡ് നിര്‍മ്മാണത്തിനും പ്രദേശത്ത് കുടിവെള്ള പ്ലാന്‍റ് നിര്‍മ്മിക്കാനും പദ്ധതി അനുവദിച്ചിരുന്നു. ജാതി അധിക്ഷേപത്തെ തുടര്‍ന്ന് മന്ത്രി സ്ഥലത്ത് നിന്ന് മടങ്ങി.

തുംകൂര് ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംപിയെ കണ്ട് ആവശ്യങ്ങള്‍ അറിയിച്ചശേഷമാണ് ആളുകള്‍ അദ്ദേഹത്തെ തടഞ്ഞത്. എംപിക്കൊപ്പം ഏതാനും കമ്പനികളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ഇവരെ ഗ്രാമത്തില്‍ കടക്കാന്‍ അനുവദിച്ചു. എന്നാല്‍ മാഡിഗ വിഭാഗത്തില്‍പ്പെടുന്ന എംപിയെ അനുവദിക്കില്ലെന്നായിരുന്നു നിലപാട് – ന്യൂ ഇന്‍ഡ്യന്‍ എക്സ്‍പ്രസ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‍തു.

നിങ്ങള്‍ക്ക് വികസനം നല്‍കാനാണ് ഞാന്‍ വന്നത്, പഴയ വിശ്വാസങ്ങള്‍ തുടരാനാണ് തീരുമാനമെങ്കില്‍ നടപടി എടുക്കേണ്ടി വരുമെന്നും എംപി പറഞ്ഞു. പക്ഷേ, ഗ്രാമീണര്‍ വഴങ്ങിയില്ല. തല്‍ക്കാലം എസ്‍സി, എസ്‍ടി വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് ചുമത്തുന്ന നിയമം അനുസരിച്ച് കേസ് എടുക്കുന്നില്ലെന്ന് എംപി പറഞ്ഞതായും ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More