കുറഞ്ഞ നിരക്കിലുള്ള സർവീസുമായി സൗദിയിലെ ഫ്‌ളൈനാസ് കോഴിക്കോട്ടേക്ക് പറക്കുന്നു

കുറഞ്ഞ നിരക്കിലുള്ള സർവീസുമായി സൗദിയിലെ ഫ്‌ളൈനാസ് കോഴിക്കോട്ടേക്ക് പറക്കാനൊരുങ്ങുന്നു. റിയാദിൽ നിന്നും അടുത്ത മാസം 16 മുതലാണ് സർവീസ് ആരംഭിക്കുക.
സൗദി ബജറ്റ് എയർലൈൻസായ ഫ്‌ളൈനാസാണ് അടുത്ത മാസം 16 മുതൽ റിയാദിൽ നിന്നും കരിപ്പൂരിലേക്ക് സർവീസ് നടത്താനൊരുങ്ങുന്നത്. സൗദി അറേബ്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന കമ്പനി കൂടിയാണ് ഫ്‌ളൈനാസ്. കരിപ്പൂരിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 634 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. തിങ്കൾ, ബുധൻ, വെളളി ദിവസങളിലായിരിക്കും സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 കരിപ്പൂരിലെത്തും. തിരിച്ച് 9.25 ന് പുറപ്പെട്ട് 12 മണിക്ക് റിയാദിലെത്തും.
Read Also : കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് തുടങ്ങി
സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളുമുണ്ട്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാൽ അധികമായി ലഗേജ് കൊണ്ടുപോവാനും സാധിക്കും. നിലവിൽ കരിപ്പൂരിലേക്ക് സൗദി എയർലൈൻസും, എയർ ഇന്ത്യാ എക്‌സ്പ്രസുമാണ് നേരിട്ടുള്ള സവീസുകൾ നടത്തുന്നത്. എയർ ഇന്ത്യാ എക്‌സ്പ്രസിന് സമാനമാണ് ഫ്‌ളൈനാസിന്റെ നിരക്കുകൾ. ഓഫറുകളുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫ്‌ളൈനാസിന്റെ സർവീസ് പ്രവാസികൾക്ക് മുതൽക്കൂട്ടാകും. മാത്രമല്ല ഇതോടെ കരിപ്പൂർ സെക്ടറിലെ നിരക്കുകളിൽ മത്സരം മുറുകുമെന്നും ഉറപ്പായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here