Advertisement

കുട്ടിത്താരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

September 19, 2019
Google News 0 minutes Read

കുട്ടിത്താരങ്ങൾക്ക് പ്രതിഭ പ്രകടിപ്പിക്കാനും കളിക്കളത്തിൽ മുന്നേറാനുമായി സംസ്ഥാന സർക്കാരിന്റെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ ഒരുങ്ങുന്നു. ‘ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ഗോൾഡ്‌ കപ്പ്‌ ചാമ്പ്യൻഷിപ്പ്’ എന്ന പേരിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്‌ കായികവകുപ്പ്‌.

14 വയസ്സിന്‌ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചാണ്‌ സ്‌പോർട്‌സ്‌ കൗൺസിൽ നേതൃത്വത്തിൽ ചാമ്പ്യൻഷിപ്പ്‌ നടത്തുന്നത്‌. മികവുള്ള കുട്ടിത്താരങ്ങളെ ചാമ്പ്യൻഷിപ്പിലൂടെ കണ്ടെത്തും. തുടർന്ന്‌ ഇവരുടെ മികവ്‌ ഉയർത്തി കൂടുതൽ മികച്ച താരങ്ങളാക്കി മാറ്റാനുള്ള നടപടികളും സ്വീകരിക്കും. ഇതിനുപുറമെ ഫുട്‌ബോളിന്റെ പ്രചാരണവും ഉന്നമനവും ലക്ഷ്യമിടുന്നു.

ജില്ല, സംസ്ഥാനതലങ്ങളിലായിരിക്കും മത്സരം. വിജയികൾക്ക്‌ മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിക്ക്‌ പുറമെ ക്യാഷ്‌ പ്രൈസും സമ്മാനിക്കും. ആദ്യഘട്ടത്തിൽ ആൺകുട്ടികളുടെ ടീമുകളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യൻഷിപ്പ്‌ നടത്തുക. രണ്ടാം ഘട്ടത്തിൽ പെൺകുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കും. 99,82,550 രൂപയാണ്‌ ചാമ്പ്യൻഷിപ്പിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിൽ 50 ലക്ഷം രൂപ അനുവദിച്ച്‌ കായികവകുപ്പ്‌ ഉത്തരവായിട്ടുണ്ട്. ശേഷിക്കുന്ന തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തും. ടീം, മത്സരനടത്തിപ്പ്‌, തീയതി, വേദി, സമ്മാനത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദമാർഗനിർദേശങ്ങൾ സ്‌പോർട്‌സ്‌ കൗൺസിൽ ഉടൻ പുറത്തിറക്കും.

കായിക യുവജന കാര്യാലയം നേതൃത്വത്തിൽ ‘കിക്കോഫ്‌ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റ്‌ ’സംഘടിപ്പിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. കായികവകുപ്പിന്റെ കിക്കോഫ് ഫുട്‌ബോൾ പരിശീലനപദ്ധതിയിലെ കുട്ടികൾക്കായാണിത്‌. ഇതിന്‌ പിന്നാലെയാണ്‌ ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ഗോൾഡ്‌ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പും വരുന്നത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here