പാലാരിവട്ടം പാലം അഴിമതിക്കേസ്; മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പാലാരിവട്ടം പാലം അഴിമതി കേസിലാണ് നടപടി. കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് വിജിലൻസ് അറിയിച്ചു. അദ്ദേഹത്തെ ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും വിജിലൻസ് പറഞ്ഞു.
കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ നേരത്തെ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് ടിഒ സൂരജ് വെളിപ്പെടുത്തുന്നത്.
Read Also : പാലാരിവട്ടം പാലം അഴിമതി; കേസിൽ മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്ന് ടിഒ സൂരജ്
ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലായിരുന്നു ആരോപണം. കരാറുകാരന് മുൻകൂർ പണം നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നൽകാനായിരുന്നു ഉത്തരവെന്നും ടിഒ സൂരജ് പറയുന്നു.
അതേസമയം, കേസിൽ മുഹമ്മദ് ഹനീഷിനും പങ്കുണ്ടെന്ന് ടിഒ സൂരജ് ഇന്ന് വെളിപ്പെടുത്തി. മുഹമ്മദ് ഹനീഷിന്റെ പങ്ക് അന്വേഷിക്കണമെന്നും തന്നെ കേസിൽ പെടുത്തിയതാണെന്നും ടിഒ സൂരജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here