വനിതാ ഹോസ്റ്റലിൽ ഇന്റർനെറ്റ് വിലക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ചരിത്ര വിധിയെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലുമായി കേരള ഹൈക്കോടതി. അകാരണമായി വനിതാ ഹോസ്റ്റലുകളിൽ നടപ്പാക്കിവരുന്ന പ്രാകൃത നിയമങ്ങൾക്കെതിരെ അതിനിശിതമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. വനിതാ ഹോസ്റ്റലിൽ ഇന്റർനെറ്റ് വിലക്കിയ നടപടിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഇന്റർനെറ്റ് മൗലികാവകാശമാണെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.

വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വൈകീട്ട് ആറ് മുതൽ പത്ത് വരെയാണ് ഇന്റർനെറ്റ് വിലക്കിയത്. സ്വകാര്യതയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും ഭാഗമാണ് ഇന്റർനെറ്റെന്ന് കോടതി വിലയിരുത്തി. ഈ സമയത്ത് ഹോസ്റ്റലിൽ മൊബൈൽ നിരോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ 2016ലെ പ്രഖ്യാപനം അനുസരിച്ചും ഇന്റർനെറ്റ് മൗലികാവകാശമാണ്. ഇത് ഇന്ത്യയ്ക്കും ബാധകമാക്കാമെന്നും വിവിധ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ ബിരുദ വിദ്യാർത്ഥിനി ഫഹീമ ഷിറിനാണ് ഹൈക്കോടതിയെ സമീപിച്ചത്. പഠനസഹായിയായ ഒട്ടേറെ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വൈകുന്നേരം ഹോസ്റ്റലിലെ ഫോൺ നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും വനിതാ ഹോസ്റ്റലിൽ മാത്രമാണ് ഈ നിയന്ത്രണമെന്നും ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top