Advertisement

6000 രൂപയുടെ കൊട്ടേഷൻ; 12കാരൻ ട്യൂഷൻ ടീച്ചറെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

September 19, 2019
Google News 0 minutes Read

12 വയസ്സുകാരൻ പയ്യൻ ട്യൂഷൻ ടീച്ചറെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലാണ് സംഭവം. 12 വയസുകാരനായ ബാലൻ തന്റെ ട്യൂഷൻ ടീച്ചറായ അയേഷ അസ്ലാം എന്ന മുപ്പതുകാരിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടി പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പൽ കൂടിയായിരുന്നു അയേഷ. അയൽവീട്ടിലെ കുട്ടികൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് അയേഷ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.

പ്രതിയായ ബാലൻ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. മൃതദേഹത്തിന് സമീപത്ത് നിന്ന് പോലീസ് കത്തിയും കണ്ടെടുത്തിട്ടുണ്ട്. ട്യൂഷൻ ക്ലാസിനു ശേഷം കുട്ടികൾ എല്ലാവരും പോയതിന് ശേഷമായിരുന്നു കൊലപാതകം. പോലീസ് കസ്റ്റഡിയിൽ എടുത്ത 12കാരൻ ഞെട്ടിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ തുമ്പ് കിട്ടാതെ അന്വേഷണസംഘവും കുഴയുകയാണ്.

അയേഷയുടെ കുടുംബത്തിന്റെ വകയായ ഉർദു മീഡിയം സ്കൂളിലായിരുന്നു പ്രതിയായ ബാലനും പഠിക്കുന്നത്. ഇതേ സ്കൂളിന്റെ പ്രിൻസിപ്പളായിരുന്ന അയേഷ വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് നൽകിയിരുന്നു. സ്കൂൾ പരിസരത്തുള്ള ഒറ്റമുറി വീട്ടിലായിരുന്നു അയേഷയുടെ താമസം. മൂന്ന് വർഷം മുമ്പ് വിവാഹമോചനം നേടിയതാണ് ഇവർ. അയേഷയുടെ പിതാവ് അസ്ലം കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്വത്ത് തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.

തന്റെ അമ്മ അധ്യാപികയോട് 2000 രൂപ കടം ചോദിച്ചെന്നും ഇത് നൽകാൻ അവർ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ആദ്യം കുട്ടി പോലീസിൽ മൊഴി നൽകിയത്. ട്യൂഷൻ ക്ലാസിലെ മറ്റു വിദ്യാർത്ഥികളുടെ മുമ്പിൽവെച്ച് പണം വാങ്ങിയതിന് അധ്യാപിക തന്നെ വഴക്കു പറഞ്ഞു. തനിക്ക് കടുത്ത അപമാനം തോന്നിയെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അധ്യാപികയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ വീണ്ടും മൊഴി മാറ്റിയതാണ് പോലീസിനെ കുഴപ്പിച്ചത്.

അധ്യാപികയെ കൊലപ്പെടുത്താൻ ഒരാൾ തനിക്ക് ആയിരം രൂപ നൽകിയെന്നാണ് പ്രതിയുടെ പുതിയ ആരോപണം. കൊലപാതകത്തിന് ശേഷം 5000 രൂപ കൂടി നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും കുട്ടി പറയുന്നു. സംഭവ ദിവസം സമീപത്തെ ഷോപ്പിംഗ് മാളിൽ കൂട്ടുകാർക്കൊപ്പം ബർഗർ കഴിച്ചും വീഡിയോ ഗെയിം കളിച്ചും ഈ തുക ചെലവഴിച്ചെന്നാണ് മൊഴി. ഇത് സത്യമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പ്രതിക്കൊപ്പം മാളിലുണ്ടായിരുന്ന രണ്ട് കുട്ടികളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അധ്യാപികയെ കൊലപ്പെടുത്തിയില്ലെങ്കിൽ തന്നെ കൊലപ്പെടുത്തി അഴുക്കുചാലിൽ വലിച്ചെറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ബാലൻ മൊഴി നൽകിയിട്ടുണ്ട്. ഒരാൾ സംശയത്തിന്റെ നിഴലിലാണെന്നും ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയുടെ മാതാവ് 2000 രൂപ അധ്യാപികയോട് കടം ചോദിച്ചുവെന്ന വാദം ശരിയാണോയെന്ന് വ്യക്തമാക്കാനായി കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ശ്രമം നടത്തിയെങ്കിലും ഇവർ അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല. എന്നാൽ കുട്ടിയുടെ പിതാവ് ഇത് നിഷേധിച്ചിട്ടുണ്ട്.

പ്രദേശത്തെ നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി അയേഷയുടെ പിതാവ് നിർമിച്ചതാണ് ഈ സ്കൂൾ. സ്വത്ത് തർക്കത്തിന്റെ പേരിൽ പിതാവ് കൊല്ലപ്പെട്ട അതേ സ്ഥലത്ത് വെച്ചാണ് അയേഷയും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം അയേഷയുടെ ഏകമകൻ മുൻഭർത്താവിനൊപ്പമായിരുന്നു. സ്കൂൾ സമയത്തിന് ശേഷം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സൗജന്യമായി ട്യൂഷൻ എടുത്ത് നൽകുകയും ചെയ്തിരുന്നു. സ്കൂളിലെ വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെയാണ് അവർ സ്നേഹിച്ചിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. യഥാർത്ഥ പ്രതി മറ്റാരോ ആണെന്ന സംശയത്തിലാണ് നാട്ടുകാരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here