‘മര്യാദക്കല്ലെങ്കിൽ സർക്കാർഭക്ഷണം കഴിച്ചിരിക്കേണ്ടി വരും’; അഴിമതിക്കാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

അഴിമതിക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതനായാലും അഴിമതി കാണിച്ചാൽ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാൾ അനുഭവിക്കാൻ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കിൽ സർക്കാർ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള മൂന്ന് വർഷം 20,000 കോടി രൂപയാണ് പെൻഷനായി നൽകിയത്. 1,70,765 പട്ടയമാണ് സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ നൽകി. ബാക്കിയുള്ളതും സമയബന്ധിതമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുമായി ബന്ധപ്പെട്ട് പുകമറയുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. സി.എ.ജിയുടെ ഏത് പരിശോധനയ്ക്കും സർക്കാർ തടസമല്ല. അനാവശ്യ വിവാദമുണ്ടാക്കി നാടിന്റെ വികസനത്തെ തടയുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ വലിയതോതിൽ മുന്നേറി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം വലിയ തിരക്കാണുള്ളത്. വലിയ മാറ്റമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here