കളമശ്ശേരിയിൽ 16കാരനായ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടു

16 വയസ്സുകാരനായ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തൃശൂരിൽ നിന്ന് കാക്കനാട് ജുവൈനൽ കോടതിയിലേക്ക് കൊണ്ടുവന്ന കൗമാരക്കാരനായ പ്രതിയാണ് പൊലീസുകാരെ പറ്റിച്ച് രക്ഷപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
കളമശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കാക്കനാട് പോകാൻ സൗത്ത് കളമശ്ശേരി കുസാറ്റ് സ്റ്റോപ്പിൽ നിന്ന് ബസിൽ കയറുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന തൃശൂർ എആർ ക്യാമ്പിലെ രണ്ട് സിവിൽ പൊലീസർമാരെ തള്ളിയിട്ടാണ് ഇയാൾ കടന്നത്. വീഴ്ചയിൽ പൊലീസുകാരുടെ കാലിനു പരിക്ക് പറ്റി.
വെള്ളിയാഴ്ച, കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണിക്കാൻ കൊണ്ടു പോകുന്നതിനായി, കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനായാണ് പ്രതിയെ കളമശ്ശേരിയിൽ കൊണ്ടു വന്നത്. ഇതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രായപൂർത്തി ആവാത്തതിനാൽ പ്രതിയെ വിലങ്ങു വെക്കാനോ യൂണിഫോമിൽ പൊലീസിന് ഒപ്പം നടക്കാനോ പറ്റില്ല. ഇതും പ്രതിയുടെ രക്ഷപ്പെടൽ എളുപ്പമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here