ഹോട്ടൽ മുറികളുടെയും ഔട്ട് ഡോർ ക്യാറ്ററിങിന്റെയും ജിഎസ്ടി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം

ഹോട്ടൽ മുറികളുടെയും ഔട്ട് ഡോർ ക്യാറ്ററിങിന്റെയും ജിഎസ്ടി നിരക്കുകൾ കുറച്ചു. അതേ സമയം, കാർ, ബിസ്‌ക്കറ്റ് എന്നിവക്ക് നികുതി ഇളവ് വേണമെന്ന ആവശ്യം സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് വേണ്ടെന്ന് വെച്ചു. കഫീൻ അടങ്ങിയ പാനീയങ്ങളുടെ നിരക്ക് 28 ശതമാനമായി വർധിപ്പിച്ചു. ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
7500 രൂപക്ക് മുകളിൽ വാടക ഉള്ള ഹോട്ടൽ മുറികളുടെ ജിഎസ്ടി 18ശതമാനമായാണ് കുറച്ചത്. വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ അവശ്യപ്പെട്ടിരുന്നു. 7500 രൂപക്ക് താഴെ വാടകയുള്ള മുറികൾക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായും ജിഎസ്ടി നിരക്ക് കുറച്ചു. 1000 രൂപയിൽ താഴെയുള്ള മുറികൾക്ക് ജിഎസ്ടി നൽകേണ്ട. ഔട്‌ഡോർ ക്യാറ്ററിങിനുള്ള ജിഎസ്ടി നിരക്ക് 5 ശതമാനമാക്കി കുറച്ചു. കഫീൻ അടങ്ങിയ പാനീയങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്താനും 12 ശതമാനം സെസ് ഏർപ്പെടുത്താനും തീരുമാനിച്ചു.
അതേ സമയം, വാഹങ്ങളുടെയും ബിസ്‌കറ്റുകളുടെയും ജിഎസ്ടി നിരക്ക് കുറക്കാനുള്ള ആവശ്യം യോഗം പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ
നികുതി വിഹിതത്തിൽ വലിയ കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇക്കാര്യത്തെ സംസ്ഥാന ധനമന്ത്രിമാർ എതിർത്തു. ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മന്ത്രിസഭ ഉപസമിതിക്ക് വിട്ടു. നിർമാണ മേഖലയിൽ വിദേശ നിക്ഷേപം വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രക്ഷപ്രവർത്തനത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here