‘പിറവം വലിയ പള്ളിയിൽ മതപരമായ ചടങ്ങുകൾക്ക് ഓർത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണം നൽകണം’: ഹൈക്കോടതി

പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ ഓർത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികൾ പൊലീസ് സ്വീകരിക്കണം. പൊലീസിന് അതിനുള്ള പ്രവർത്തന സ്വാതന്ത്രമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ആരാധന നടത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടികാട്ടി ഫാദർ സ്‌കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ക്രമസമാധാന പ്രശ്‌നം ഇല്ലാതാക്കാൻ പൊലീസ് ഇടപെടണം. പള്ളിയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടായാൽ പൊലീസ് ആക്ട് പ്രകാരം സംരക്ഷണം നൽകണം. സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
1934 ഭരണഘടനാ പ്രകാരം നിയമിതനായ ഇടവക മെത്രാപ്പോലീത്തയ്ക്കും അദ്ദേഹത്താൽ നിയമിതനായ വികാരിമാർക്കും, ഭരണ സമിതിക്കും ഭരണ ക്രമീകരണങ്ങൾ നടത്തുവാനുള്ള സാഹചര്യത്തിന് തടസം വരാതെ പൊലീസ് നോക്കണമെന്നും നിർദേശമുണ്ട്. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകുന്നതടക്കം 18 വ്യവസ്ഥകൾ ശുപാർശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. മറ്റ് ഇടവകകളിൽ നിന്നുള്ളവരും പിറവം പള്ളിയിലേക്ക് വരുന്നതിനാൽ ഇടവകാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകണമെന്നതാണ് പൊലീസിന്റെ പ്രധാന നിർദേശം. 1934ലെ സഭാ ഭരണഘടന അംഗീകരിക്കുന്നുവെന്ന് എഴുതി നൽകണം. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ, ആധാർ കാർഡുകളിലൊന്നിന്റെ പകർപ്പും ഇതോടൊപ്പം പൊലീസ് സ്റ്റേഷനിൽ നൽകണം. പ്രശ്‌നമുണ്ടാക്കുന്നവരെ തടയാൻ അനുവദിക്കണമെന്നും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും പൊലിസ് കോടതിയെ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here