ശിവരഞ്ജിത്തിനും നസീമിനും ജയിൽ മാതൃകാ പരീക്ഷ വേണ്ട; ക്രൈംബ്രാഞ്ച് കോടതിയിൽ

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജയിൽ മാതൃക പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ തിരുവനന്തപുരം സിജെഎം കോടതിയിൽ അറിയിച്ചു. നേരത്തെ നൽകിയ അപേക്ഷ പിൻവലിക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന.

അതിനിടെ പരീക്ഷാ ക്രമക്കേടിലെ മുഖ്യപ്രതികളായ പ്രണവിനെയും സഫീറിനെയും യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സഫീറും ഗോകുലും ചേർന്ന് പ്രതികൾക്ക് ഉത്തരങ്ങൾ അയച്ചുകൊടുത്ത യൂണിവേഴ്‌സിറ്റി കോളേജിലെ സംസ്‌കൃത ക്യാമ്പസിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

പരീക്ഷാ തട്ടിപ്പിനായി ഉപയോഗിച്ച സ്മാർട് വാച്ചുകളും, മൊബൈൽ ഫോണുകളും നശിപ്പിച്ചതായി രണ്ടാം പ്രതി പ്രണവ് ഇന്നലെ ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി ക്രൈം ബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ രണ്ടാം പ്രതി പ്രണവിനെയും അഞ്ചാം പ്രതി സഫീറിനെയും യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കി.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ചോദ്യപേപ്പർ പുറത്തെത്തിച്ചത് ആരാണെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പരസ്പരം പഴിചാരിയുള്ള പ്രതികളുടെ മൊഴി ക്രൈംബ്രാഞ്ച് കാര്യമാക്കിയിട്ടില്ല. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More