19ൽ നിന്ന് എട്ടിലേക്ക്; സഹൽ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുന്നു

മലയാളി താരം സഹൽ അബ്ദുൽ സമദ് ദേശീയ ടീമിൽ സ്ഥാനമുറപ്പിക്കുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ സഹൽ എട്ടാം നമ്പർ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ഫുട്ബോൾ ഫീൽഡിൽ പ്ലേമേക്കറുടെ ജേഴ്സി എന്നറിയപ്പെടുന്ന നമ്പർ കോച്ച് ഇഗോർ സ്റ്റിമാച് സഹലിനു നൽകിയതോടെ മലയാളി യുവതാരം ടീമിൽ സ്ഥാനമുറപ്പിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

കിംഗ്സ് കപ്പിൽ നടന്ന മത്സരങ്ങളിൽ സഹൽ അണിഞ്ഞിരുന്നത് 19ആം നമ്പർ ജേഴ്സി ആയിരുന്നു. ടൂർണമെൻ്റിൽ മികച്ച കളി കാഴ്ച വെച്ച സഹൽ ആരാധക പ്രശംസയും ഫുട്ബോൾ പണ്ഡിറ്റുകളുടെ അഭിനന്ദനവും നേടിയിരുന്നു. ശേഷം ക്വാളിഫയർ പോരാട്ടങ്ങളിൽ 8ആം നമ്പർ ജേഴ്സി അണിഞ്ഞിറങ്ങിയ സഹൽ കേളീമികവു കൊണ്ട് കയ്യടി നേടിയിരുന്നു.

22കാരനായ സഹൽ 2017 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലൂടെയാണ് ഇന്ത്യയിൽ കളി തുടങ്ങുന്നത്. ശേഷം തൊട്ടടുത്ത സീസണിൽ സീനിയർ ടീമിൽ അരങ്ങേറി. സഹലിൻ്റെ ആദ്യ പ്രൊഫഷണൽ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹൽ ഏറെ വൈകാതെ ഇന്ത്യൻ ടീമിലും കളിച്ചു. പോയ വർഷത്തെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top