മുത്തൂറ്റിനെ നാടുവിടാൻ അനുവദിക്കരുത്; അന്വേഷണം പ്രഖ്യാപിച്ച് നിയമനടപടി സ്വീകരിക്കണം: പ്രതികരണവുമായി വിഎസ് അച്യുതാനന്ദൻ

മുത്തൂറ്റ് വിഷയത്തിൽ ശക്തമായ പ്രതികരണവുമായി വിഎസ് അച്യുതാനന്ദൻ. മുത്തൂറ്റിനെ നാടുവിടാൻ അനുവദിക്കരുതെന്നും അവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഎസ് മുത്തൂറ്റിനെതിരെ ആഞ്ഞടിച്ചത്.
വിഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു ചിട്ടിക്കമ്പനിക്കാരന്‍ തന്‍റെ സ്ഥാപനത്തില്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കില്ലെന്നും മിനിമം വേതന നിയമം തനിക്ക് ബാധകമല്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കളി തന്നോട് വേണ്ടെന്നും, കളിച്ചാല്‍ കട പൂട്ടി കേരളത്തിനു പുറത്തേക്ക് പോകുമെന്നുമാണ് ഭീഷണി. ഈ ഭീഷണി കേട്ടാല്‍ കേരള സര്‍ക്കാര്‍ ഞെട്ടി വിറയ്ക്കുമെന്നും, കാലില്‍ വീഴുമെന്നുമാണ് അയാളുടെ വിചാരം എന്ന് തോന്നുന്നു.
മുത്തൂറ്റിന്‍റെ ഭീഷണി കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമാണ്. നിയമവും നീതിപീഠവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകളും എന്തിന്, ഇന്ത്യന്‍ പ്രധാനമന്ത്രി പോലും തനിക്കു മുന്നില്‍ ഒന്നുമല്ല എന്ന ഈ ധാര്‍ഷ്ട്യത്തെ കയറൂരി വിട്ടുകൂട. ഈ ബ്ലേഡ് കമ്പനിയുടെ ഊറ്റ് അവസാനിപ്പിച്ചാല്‍ കേരളം ഒലിച്ചു പോവുകയൊന്നുമില്ല. ഇത്തരം ഊറ്റ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം.
കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്‍ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ ആ പണമെടുത്ത് കേരളത്തില്‍ മറ്റെന്തെങ്കിലും സംരംഭം തുടങ്ങും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തില്‍നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ല.
കേരളത്തിലെ പണമിടപാട് അവസാനിപ്പിച്ചാലും, മുത്തൂറ്റിനെ അങ്ങനെ നാടുവിടാന്‍ അനുവദിച്ചുകൂട. രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാന്‍ തയ്യാറാവാത്ത ഈ സ്ഥാപനത്തെ സര്‍ക്കാര്‍ എല്ലാ തരത്തിലും ബഹിഷ്കരിക്കണം. സ്വര്‍ണ നിക്ഷേപങ്ങളുടെയും പണയത്തിന്‍റെയും കാര്യത്തില്‍ ഉള്‍പ്പെടെ ഈ സ്ഥാപനത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here