കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികളുടെ ഉത്തരപേപ്പറുകൾ കൊണ്ടോട്ടിയിലെ ആക്രിക്കടയിൽ; കർശന നടപടി എടുക്കുമെന്ന് സർവകലാശാല അധികൃതർ

കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മലപ്പുറം കൊണ്ടോട്ടിയിലെ ആക്രിക്കടയിൽ. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേപ്പറുകൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി .

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ പുളിക്കൽ മദീനത്തുൽ ഉലമ അറബി കോളജ് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് ആക്രിക്കടയിൽ നിന്ന് പിടിച്ചെടുത്തത്. അഞ്ച് മാസം മുമ്പ് നടന്ന അഫ്‌ളലുൽ ഉലമാ പ്രിലിമിനറി പരീക്ഷയുടെ ഉത്തര കടലാസുകളും 2019-ലെ പുനർ മൂല്യനിർണയം കഴിഞ്ഞ പേപ്പറുകളും കൂട്ടത്തിലുണ്ട്. 2017 മുതൽ വിവിധ കോഴ്സുകളിലെ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ പേപ്പറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. പൊലീസ് സ്റ്റേഷനിലെത്തി പരീക്ഷാ കൺടോളറുടെ നേതൃത്വത്തിൽ പേപ്പറുകൾ പരിശോധിച്ചു. ഉത്തരക്കടലാസുകൾ കാലഹരണപ്പെട്ടതെങ്കിലും അനാസ്ഥയിൽ കർശന നടപടിക്കാണ് സർവകലാശാല ഒരുങ്ങുന്നത്.

സ്ഥലപരിമിതി മൂലം ചെയർമാന്റെ വീട്ടിലേക്ക് മാറ്റാൻ ഏൽപ്പിച്ച പേപ്പറുകളാണ് ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തതെന്നാണ് കോളജ് മാനേജ്മെന്റിൻ്റെ വാദം. ഈ ജോലി ഏൽപ്പിച്ച ജീപ്പ് ഡ്രൈവറാണ് അനുമതിയില്ലാതെ ഉത്തരക്കടലാസുകൾ വിറ്റതെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top