വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ കുമ്മനം രാജശേഖരനും

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന്റ പേര് ഉൾപെടുത്തി ബിജെപി സാധ്യത സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി. മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ നിലപാട് തള്ളിയാണ് കോർ കമ്മിറ്റി യോഗത്തിന്റെ തീരുമാനം. കോന്നിയിൽ കെ സുരേന്ദ്രന്റെ പേരും പട്ടികയിലുണ്ട്.

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരൻ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് എത്തിയപ്പോഴാണ് കുമ്മനം മത്സരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ കുമ്മനത്തിന്റെ ഈ നിലപാട് കോർ കമ്മിറ്റി യോഗം തള്ളി. കുമ്മനത്തിന്റെ പേര് ഒന്നാമതായി ഉൾപെടുത്തിയാണ് സാധ്യത പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വി വി രാജേഷാണ് പട്ടികയിലെ രണ്ടാം പേരുകാരൻ.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ എന്നിവരാണ് പരിഗണനയിൽ. കോന്നിയിലും കെ സുരേന്ദ്രന്റെ പേര് പട്ടികയിലുണ്ട്. ശോഭ സുരേന്ദ്രൻ, അശോകൻ കുളനട എന്നിവരും സാധ്യാത ലിസ്റ്റിലുണ്ട്. എറണാകുളത്ത് ജില്ലാ നേതാവ് സി ജി രാജഗോപാൽ, ബി ഗോപാലകൃഷ്ണൻ എന്നിവരാണ് പരിഗണനയിൽ. അരൂർ ബിഡിജെഎസിന് നൽകും. പട്ടിക ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഉടൻ കൈമാറും. ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടിലാണ് കുമ്മനവും കെ സുരേന്ദ്രനും. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാവുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top