നടിമാരുടെ പരാതി പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും ‘അമ്മ’യിൽ ഇല്ല’ : മധു

താര സംഘടനയായ എഎംഎംഎയ്‌ക്കെതിരെ ഒരു കൂട്ടം നടിമാർ രംഗത്തെത്തിയതിനെ പിന്തുണച്ച് നടൻ മധു. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ദൈവങ്ങളൊന്നും സംഘടനയിൽ ഇല്ലെന്ന് മധു കേരള കൗമുദിയോട് പറഞ്ഞു.

എഎംഎംഎ കൊണ്ട് സിനിമയ്ക്ക് നല്ലതുണ്ടായിട്ടുണ്ട്. എതിർപ്പുകളുമായി വന്ന വനിതകൾ പറയുന്ന കാര്യങ്ങളിൽ യാഥാർത്ഥ്യം ഉള്ളതുകൊണ്ടാണ് അവർ പൊതുവേദിയിൽ പരാതിയായി ഉന്നയിക്കുന്നതെന്നും മധു പറഞ്ഞു.

തനിക്ക് സിനിമ വേണമെന്നോ ഒരു കഥാപാത്രമാകണമെന്നോ തോന്നിയാൽ സ്വന്തമായി സിനിമയെടുക്കുമെന്ന് മധു പറയുന്നു. 86 ആം പിറന്നാളിന്റെ നിറവിൽ നിൽക്കുമ്പോൾ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി നിർവൃതിയുടെ ചിരിയാണ് മലയാളത്തിന്റെ പരീക്കുട്ടിക്ക്.

Read Also : അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ലിയുസിസിയിലെ നടിമാരുടെ ശ്രമം; ബാബുരാജ്

പിറന്നാളുകൾ വന്ന് പോകുമ്പൾ പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും മരണത്തെ കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും മധു പറയുന്നു. കുട്ടിക്കാലത്ത് പിറന്നാളിന് ഗൗരീശപട്ടണത്തെ ക്ഷേത്രത്തിൽ പോകുമായിരുന്നു. എന്നാൽ സിനിമയിൽ തിരക്കുള്ള കാലത്ത് പിറന്നാൾ ഓർമയുണ്ടായിരുന്നില്ല. ലൊക്കേഷനിലെ ആരെങ്കിലും ഓർമിപ്പിക്കുമ്പോഴാണ് കേക്ക് മുറിക്കുന്നതെന്നും മധു പറഞ്ഞു.

പണ്ട് ബീഡി വലി, മുറുക്കൽ തുടങ്ങിയ ദുശീലങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം ബോറായി തോന്നിയപ്പോൾ നിർത്തിയെന്നും താരം പറഞ്ഞു. രാത്രി ഏറെ വൈകിയിരുന്ന് പഴയ മലയാള സിനിമകളെല്ലാം കണ്ട് ഉറക്കം പിടിക്കുമ്പോഴേക്കും പുലർച്ചെ മൂന്ന് മണിയാകും. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണവും വൈകും. പിന്നീട് ഉച്ചഭക്ഷണം കഴിക്കാറില്ല. രാത്രി 11.30നാണ് അത്താഴം. ചെറു വ്യായാമങ്ങൾ, യോഗ തുടങ്ങിയവയാണ് ആരോഗ്യം സംരക്ഷിക്കാൻ മധു ചെയ്യുന്നത്.

ലൂസിഫറിന്റെ ഷൂട്ടിംഗിന് പോകാൻ തയ്യാറെടുത്തപ്പോഴാണ് ചെറിയ വെർട്ടിഗോ പോലത്തെ അസുഖം മധുവിനെ തേടിയെത്തുന്നത്. കഴിഞ്ഞ ആറ് മാസമായി അഭിനയിക്കുന്നില്ല താരം. പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും , ആത്മവിശ്വാസ കുറവാണെന്ന് മധു പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top