അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

അഞ്ച് മണ്ഡലങ്ങളിലെ ഉപതെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ സി.പി.ഐ.എം ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വങ്ങൾക്കുള്ള നിർദേശങ്ങൾ തയാറാക്കും. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ തീരുമാനിക്കാൻ ഇടത് മുന്നണി യോഗവും വൈകിട്ട് എകെജി സെന്ററിൽ ചേരുന്നുണ്ട്.

അഞ്ച് മണ്ഡലങ്ങളിലേയും സ്ഥാനാർഥികളെ സംബന്ധിച്ച ജില്ലാ നേതൃത്വത്തിനുള്ള നിർദേശങ്ങളായിരിക്കും സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലാ സെക്രട്ടേറിയറ്റുകളും ഇന്നും നാളെയുമായി ചേർന്ന് സ്ഥാനാർഥികളെ തീരുമാനിക്കും. തുടർന്ന് വ്യാഴാഴ്ച വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നായിരിക്കും അന്തിമപ്രഖ്യാപനം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളുടേയും ചുമതല നേരത്തെ സെക്രട്ടറിയേറ്റംഗങ്ങൾക്ക് വീതിച്ചു നൽകിയിരുന്നു. ഇവരുടെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുക. വട്ടിയൂർക്കാവിൽ കോർപറേഷൻ മേയർ വി.കെ.പ്രശാന്തിന്റെ പേരിനാണ് മുൻതൂക്കം. കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാറിന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മുൻ എം.പി ടി.എൻ.സീമ എന്നിവരും പരിഗണനാപ്പട്ടികയിലുണ്ട്.

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ മൽസരിപ്പിക്കുന്നതിന്റെ സാധ്യതയാണ് സി.പി.ഐ.എം പരിശോധിക്കുന്നത്. പാർട്ടി സ്ഥാനാർഥിയെങ്കിൽ എം.അനിൽകുമാറിനാണ് പ്രഥമ പരിഗണന. അരൂരിൽ സി ബി ചന്ദ്രബാബു, മനു സി പുളിക്കൻ, പിപി ചിത്തരഞ്ചൻ എന്നിവരുടെ പേരുകൾ ഉയർന്നിട്ടുണ്ട്. കോന്നിയിൽ ഡിവൈഎഫ്‌ഐ നേതാവ് കെ യു ജനീഷ് കുമാർ, സി.പി.ഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറി കെപി ഉദയഭാനു, എംഎസ് രാജേന്ദ്രൻ എന്നിവരാണ് പരിഗണനയിൽ.

മഞ്ചേശ്വരത്തേക്ക് സിഎച്ച് കുഞ്ഞമ്പു, കെആർ ജയാനന്ദ, ശങ്കർറൈ എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന. തിരഞ്ഞെടുപ്പ് കൺവൻഷനുകളും തുടർ പ്രചാരണപ്രവർത്തനങ്ങളും തീരുമാനിക്കാനാണ് ഇടതുമുന്നണി യോഗം ചേരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top