അടുത്ത സ്വാതന്ത്ര്യദിനത്തോടെ ഒറ്റത്തവണയുള്ള പ്ലാസ്റ്റിക് ഉപയോഗത്തിന് ഇന്ത്യ അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി

അടുത്ത സ്വാതന്ത്ര്യദിനത്തോടെ ഒറ്റത്തവണയുള്ള പ്ലാസ്റ്റിക് ഉപയോഗത്തിന് ഇന്ത്യ അന്ത്യം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പരിസ്ഥിതിയെ സംരക്ഷിക്കാൻ ആഗോള മുന്നേറ്റം അനിവാര്യമാമെന്നും മോദി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗരേഖയുമായാണ് ഇന്ത്യ ഇവിടെ എത്തിയിരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന യോഗത്തിൽ സംസാരിച്ചു തുടങ്ങിയത്. പ്രസംഗത്തേക്കാൾ തങ്ങൾ വിശ്വസിക്കുന്നത് പ്രവൃത്തിയിലാണെന്ന് പറഞ്ഞ മോദി പ്രകൃതി സംരക്ഷണത്തിനുള്ള ഇന്ത്യൻ മാതൃകകൾ എണ്ണിപ്പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജസ്രോതസുകളാണ് ഇന്ത്യയുടേത്. 15 കോടി ജനങ്ങൾക്ക് ഇന്ത്യ മലീനകരണമുണ്ടാവാത്ത പാചകവാതകങ്ങൾ വിതരണം ചെയ്തു. മിഷൻ ജൽ ജീവൻ എന്ന പേരിൽ ജല വിതരണത്തിന് തങ്ങൾ ചിലവഴിക്കുന്നത് 5000 കോടി രൂപയാണെന്നും മോദി പറഞ്ഞു.
അടുത്ത ഓഗസ്റ്റ് 15 ന് ഇന്ത്യ ഒറ്റത്തവണയുള്ള പ്ലാസ്റ്റിക് ഉപയോഗത്തിന് അറുതി വരുത്തും എന്ന് മോദി പ്രഖ്യാപിച്ചു. ആ തീരുമാനം അന്താരാഷ്ട്ര തലത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള മാർഗദർശിയാവുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ നേതൃത്വത്തിൽ നടന്ന കാലാവസ്ഥാ വ്യതിയാന യോഗത്തിൽ 80 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here