‘വികൃതി’ പറയുന്നത് ‘മെട്രോയിലെ പാമ്പി’ന്റെ കഥ; ചിത്രം ഒക്ടോബർ നാലിനു തീയറ്ററുകളിൽ

സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും മുഖ്യകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് ‘വികൃതി’. നവാഗതനായ എംസി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൻ്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ വളരെ ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലുമായി ചിത്രത്തിലെ അഭിനേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
കുറച്ചു കാലങ്ങൾക്കു മുൻപ് മെട്രോയിലെ പാമ്പ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസ പാത്രമായ യുവാവിൻ്റെ കഥയാണ് വികൃതി എന്ന വെളിപ്പെടുത്തലാണ് ഇവർ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ സൗബിനും സുരാജും തന്നെയാണ് തങ്ങളുടെ കഥാപാത്രങ്ങളെ വിശദീകരിച്ചത്. സംഭവത്തിന് ഇരയാക്കപ്പെട്ട യുവാവായി വേഷമിടുന്നത് സുരാജാണ്. സുരാജിൻ്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മി. ഇരുവരും സംസാര ശേഷിയില്ലാത്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
ഇയാളുടെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാളുടെ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത്. സമീർ എന്നാണ് സൗബിൻ്റെ കഥാപാത്രത്തിൻ്റെ പേര്. നേരത്തെ പുറത്തു വന്ന ടീസറിൽ സൗബിൻ ഷാഹിറിൻ്റെ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. അത്തരം ധാരണകളെ പൊളിക്കുന്ന വെളിപ്പെടുത്തലാണ് ഇരുവരും നടത്തിയിരിക്കുന്നത്.
കൊച്ചി മെട്രോ ഓടിത്തുടങ്ങിയ സമയത്താണ് ‘മെട്രോയിലെ പാമ്പ്’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം ട്വിറ്ററിൽ പ്രചരിച്ചത്. മദ്യപിച്ച് മെട്രോയിൽ കിടന്നുറങ്ങുന്നയാളെ സോഷ്യൽ മീഡിയ ദയവില്ലാതെ ട്രോളുകയും ചെയ്തു. തുടർന്ന് എൽദോ എന്നയാളാണ് ചിത്രത്തിലുള്ളതെന്ന് തെളിഞ്ഞു. ഒപ്പം, ഇയാൾക്ക് സംസാരശേഷി ഇല്ലെന്നും പുറത്തറിഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു പോയി മടങ്ങിവരവേയാണ് എല്‍ദോ മെട്രോയിൽ കിടന്ന് ഉറങ്ങിപ്പോയത്. എൽദോയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.
യാഥാർത്ഥ്യം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ മാപ്പപേക്ഷയുമായി രംഗത്തെത്തി. വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തു വന്നിരുന്നു.
സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഭഗത് മാനുവല്‍, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, വിന്‍സി, മറീന മൈക്കിള്‍, ഗ്രേസി, റിയ, പൗളി വത്സന്‍, തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അജീഷ് പി തോമസാണ് തിരക്കഥ. കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആല്‍ബി.
ചിത്രം ഒക്ടോബർ നാലിനു തീയറ്ററുകളിലെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here