ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം അമിതാഭ് ബച്ചന്

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് ഈ വർഷത്തെ ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റിലൂടെയാണ് നടന്റെ പുരസ്‌കാരവിവരം ലോകമറിഞ്ഞത്.

‘രണ്ടു തലമുറകളെ വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസം അമിതാഭ് ബച്ചൻ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യം മുഴുവനും അന്താരാഷ്ട്ര സമൂഹവും അതിൽ സന്തോഷിക്കുന്നു. അദ്ദേഹത്തിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ:’- ജാവദേക്കർ പറഞ്ഞു.

1969ൽ കെ എ അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചൻ ആദ്യമായി സിനിമയിലെത്തുന്നത്.

1971ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലൂടെബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. 1973-ലെ സഞ്ചീർ എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി.

ഷോലെ,അമർ അക്ബർ ആന്റണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ ജനപ്രീതി നേടിയ സിനിമകളാണ്. മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ൽ അഗ്‌നീപഥ്, 2006-ൽ ബ്ലാക്ക്, 2010-ൽ പാ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.

അഭിനേത്രിയായ ജയ ബച്ചനാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്, ശ്വേത എന്നിവർ മക്കളും, ബോളിവുഡ് താരം ഐശ്വര്യ റായ് മരുമകളുമാണ്. 2010ൽ മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു.
അവാർഡ് ലഭിച്ചതിന് അമിതാബ് ബച്ചൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top