മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് പൊളിക്കാൻ കൊച്ചി സബ് കളക്ടർക്ക് ചുമതല

സുപ്രിംകോടതി ഉത്തരവിട്ട മരട് ഫ്‌ളാറ്റ് പൊളിക്കാൻ കൊച്ചി സബ് കളക്ടർക്ക് സർക്കാർ ചുമതല നൽകി . അടിയന്തരമായി ഫ്‌ളാറ്റിലെ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ നഗരസഭാ സെക്രട്ടറിയുട നിർദേശം. നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

മരട് ഫ്‌ളാറ്റിലെ താമസക്കാരെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സർക്കാരിന്റേയും നഗരസഭയുടേയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.  ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികൾക്ക് കൊച്ചി അസിസ്റ്റൻറ് കളക്ടർ സ്‌നേഹിൽ കുമാറിന് ചുമതല നൽകി, സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇതിനിടെ ഫ്‌ളാറ്റിലെ കുടിവെള്ളവും വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി വൈദ്യുതി ബോർഡിനും വാട്ടർ അതോറിറ്റിക്കും ഓയിൽ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.  27-ആം തീയതിക്കുള്ളിൽ വിച്ഛേദിക്കണമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്.

നേരത്തെ തന്നെ ഒഴിയണമെന്നാവശ്യപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകിയതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികളായി വേണം ഇതിനെ വിലയിരുത്താൻ . എന്നാൽ ഫ്‌ളാറ്റിൽ നിന്നും ഒഴിഞ്ഞുപോകില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് താമസക്കാരിൽ ഏറെയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top