മരടിന്റെ വഴിയെ ‘കാപ്പികോ’യും; റിസോർട്ട് പൊളിക്കണമെന്ന കോടതി ഉത്തരവ് വന്ന് 6 വർഷങ്ങൾക്ക് ശേഷം പൊളിച്ചുനീക്കൽ നടപടിക്ക് തുടക്കം കുറിച്ച് അധികൃതർ

മരട്  ഫ്‌ളാറ്റ് വിഷയത്തിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വേമ്പനാട് കായൽതീരത്ത് സ്ഥിതി ചെയ്യുന്ന കാപ്പികോ റിസോർട്ടും പൊളിക്കാൻ നീക്കം. വേമ്പനാട് കായൽതീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി. റിസോർട്ട് പൊളിക്കൽ സംബന്ധിച്ച് പാണാവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും അറിയിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാപ്പികോ റിസോർട്ടിനെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആലപ്പുഴ സബ് കളക്ടർ നിർദേശം നൽകിയത്.

കാപ്പികോ റിസോർട്ട് പൊളിക്കാൻ 2013 ലാണ് ഹൈക്കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ 2014 ഓഗസ്റ്റിൽ സുപ്രിംകോടതി നൽകിയ താത്കാലിക സ്‌റ്റേ നീക്കാൻ ഇതുവരെ നടപടിയെടുത്തിരുന്നില്ല. വിഷയത്തിൽ സർക്കാരും റിസോർട്ട് ഉടമകളും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കാപ്പികോ റിസോർട്ടിനെതിരെ നടപടി ശക്തമാക്കുന്നത്. ഇതിനോടനുബന്ധിച്ച് നിലവിലെ ഉത്തരവ് നീക്കാൻ സുപ്രിംകോടതിയിൽ സർക്കാർ ഇടക്കാല ഹർജി നൽകും. ഡിസംബർ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

Read Also : മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് മൂന്ന് മാസത്തിനകം പൊളിക്കണമെന്ന് ചീഫ് സെക്രട്ടറി

തീരത്ത് നിന്ന് ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് റിസോർട്ട് പണിതിരിക്കുന്നത്. 2013ൽ പണി പൂർത്തിയാക്കുമ്പോഴേക്കും കായൽ നിലം പൂർണമായും നികന്നിരുന്നു. സ്വകാര്യഭൂമിക്കൊപ്പം സർക്കാർ പുറമ്പോക്ക് ഭൂമിയും റിസോർട്ട് അധികൃതർ കയ്യേറി ഒരു റിസോർട്ട് തന്നെ അവരുടെ അധീനതയിലാക്കി.

കാപ്പികോ റിസോർട്ടും തൊട്ടടുത്തുള്ള വൈറ്റില തുരുത്തിലെ വമിക റിസോർട്ടും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിടുന്നത് 2013 ലാണ്. റിസോർട്ട് മൂന്ന് മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ റിസോർട്ട് പൊളിച്ചാൽ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയതോടെ റിസോർട്ട് പൊളിക്കും മുമ്പ് പരിസ്ഥിതി ാഘാത പഠനം നട്താൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. റിസോർട്ട് പൊളിച്ചുമാറ്റാമെന്ന് പഠന സമിതിയും അഭിപ്രായപ്പെട്ടതോടെയാണ് റിസോർട്ട് ഉടമകൾ സുപ്രിംകോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top