കടമറ്റത്ത് കത്തനാരായി ജയസൂര്യ; രണ്ട് ഭാഗങ്ങളായി വെള്ളിത്തിരയിലെത്തും

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന കടമറ്റത്ത് കത്തനാർ ആയി ജയസൂര്യ എത്തുന്നു. മാന്ത്രികനായ വൈദികന്‍ എന്ന നിലയിൽ ഏറെ പ്രശസ്തനായ കത്തനാരുടെ ഒട്ടേറെ കഥകൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ കത്തനാരെ സിനിമയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ആർ രാമാനന്ദാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുക. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രം രാമാനന്ദൻ്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൻ്റെ ഫലമാണ്. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം.
ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുക. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരിക്കും. ത്രിമാന രൂപത്തിൽ പുറത്തിറങ്ങുന്ന ചിത്രം ഫാൻ്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്നതായിരിക്കും. ഉയർന്ന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വളരെ വ്യത്യസ്തമായ ആവിഷ്കാരമാവും സിനിമയുടേത്.
ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രൊജക്ട് ആണ് കത്തനാർ. ആട് 3 ആണ് ഇനി ഇവരുടേതായി ഇറങ്ങാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here