കർണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ

കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം
കോടതിയിൽ. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എംഎൽഎമാരുടെ ഹർജിയിലാണ് നിലപാട് അറിയിച്ചത്. കോടതിയുടെ തീർപ്പ് വരുന്നത് വരെ കാത്തിരിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചുകൊണ്ടുള്ള വിജ്ഞാപനം അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും.

അയോഗ്യരാക്കിയ നടപടിക്കെതിരെ വിമതർ സമർപിച്ച ഹർജി ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മത്‌സരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പതിനഞ്ച് വിമത എംഎൽഎമാരും ആവശ്യപ്പെട്ടു. കോൺഗ്രസ്, ജെഡിഎസ് വിമതർക്ക് ഉപതെരഞ്ഞെടുപ്പിൽ മത്‌സരിക്കാൻ തടസമില്ലെന്ന് സ്പീക്കർ നിലപാട് വ്യക്തമാക്കി.

ഇതോടെ, കോടതിവിധി വരുന്നത് വരെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിക്കുകയായിരുന്നു. വിമതരുടെ ഹർജിയിൽ അടുത്തമാസം 22ന് വിശദമായ വാദം കേൾക്കാനും കോടതി തീരുമാനിച്ചു. അയോഗ്യരാക്കപ്പെട്ട പതിനഞ്ച് എംഎൽഎമാരുടെയും സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top