50 ദിവസങ്ങൾ കഴിഞ്ഞിട്ടും താഴ്‌വരയിലെ വാർത്താവിനിമയം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല; ആശങ്കയറിയിച്ച് കശ്മീർ പ്രസ് ക്ലബ്

കശ്മീർ ഒറ്റപ്പെട്ടിട്ട് ഇന്നേക്ക് 53 ദിവസങ്ങൾ. കശ്മീർ സമാധാനത്തിലാണെന്നും അവിടെ സ്ഥിതിഗതികൾ പൂർവഗതിയിലാണെന്നുമുള്ള കേന്ദ്രത്തിൻ്റെ അവകാശ വാദം പൊളിക്കുന്ന റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളൊക്കെ ഇപ്പോഴും വീട്ടുതടങ്കലിലാണ്. അവിടുത്തെ ഇൻ്റർനെറ്റും മൊബൈൽ ഫോണുമടക്കമുള്ള വാർത്താ വിനിമയ സൗകര്യങ്ങൾ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഇതിൽ ആശങ്കയറിയിച്ച് കശ്മീർ പ്രസ് ക്ലബ് പത്രക്കുറിപ്പിറക്കിയിരിക്കുകയാണ്.
മാധ്യമങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന, വാർത്താ വിനിമയ സംവിധാനങ്ങളുടെ അനാവശ്യമായ നിരോധനം എടുത്തു മാറ്റണമെന്നാണ് പത്രക്കുറിപ്പിലെ ആവശ്യം. അമ്പത് ദിവസങ്ങൾ പിന്നിടുമ്പോഴും നിരോധനം തുടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. മൊബൈൽ ഫോണും ഇൻ്റർനെറ്റും ഇല്ലാത്തതു കൊണ്ട് തന്നെ മാധ്യമ പ്രവർത്തകർക്ക് കൃത്യമായി ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വാർത്താവിനിമയ സംവിധാനത്തിലുണ്ടായ നിരോധനം മൂലം എന്താണ് താഴ്വരയിൽ നടക്കുന്നതെന്ന് മാധ്യമപ്രവർത്തകർക്കും അംഗപരിമിതർക്കും അറിയാൻ സാധിക്കുന്നില്ല. കശ്മീർ മാധ്യമങ്ങളെ ഉന്നം വെച്ചു കൊണ്ടുള്ള അനാവശ്യമായ നിയന്ത്രണമാണിത്. നിലവിൽ ശ്രീനഗറിലെ സർക്കാർ സംവിധാനത്തിൽ നിന്നു മാത്രമാണ് മാധ്യമപ്രവർത്തകർ ഇൻ്റർനെറ്റ് സംവിധാനം ഉപയോഗിക്കുന്നത്. പലവട്ടം സർക്കാരിനെ ഇക്കാര്യം അറിയിച്ചുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമൊന്നും ആയില്ലെന്നും പത്രക്കുറിപ്പിലൂടെ ഇവർ അറിയിക്കുന്നു.
ഓഗസ്റ്റ് അഞ്ചു മുതലാണ് കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഇത്. ഫറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഉൾപ്പെടെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here