‘സ്വന്തം മരണവാർത്ത കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല’; വ്യാജവാർത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രേഖ
താൻ മരിച്ചുവെന്ന രീതിയിൽ വാർത്ത നൽകിയതിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടി രേഖ. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ എന്ന തലക്കെട്ടോടെ രജനീകാന്തും കമൽഹാസനും അടക്കം സമീപത്ത് നിൽക്കുന്ന ചിത്രം നൽകിയാണ് വ്യാജവാർത്ത നൽകിയത്. ഒരു യൂട്യൂബ് ചാനൽ നൽകിയ വാർത്ത പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. ജി വി പ്രകാശ് നായകനായി എത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖയുടെ പ്രതികരണം.
താൻ മരിച്ചോ എന്ന് നിരവധി പേർ വിളിച്ച് ചോദിച്ചതായി രേഖ പറഞ്ഞു. താൻ മരിച്ചുവെന്നും നിങ്ങൾ സംസാരിക്കുന്നത് തന്റെ പ്രേതത്തോടാണെന്നുമായിരുന്നു അതിന് മറുപടി നൽകിയത്. കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നാം. നമ്മളെ തന്നെ വിളിച്ച് മരണവാർത്ത തിരക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലെന്ന് രേഖ പറഞ്ഞു. എവിടെയോ ഇരുന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇത് നിയന്ത്രിക്കാൻ സർക്കാർ സംവിധാനം കൊണ്ടുവരണമെന്നും രേഖ പറഞ്ഞു.
ഭർത്താവിനും മക്കൾക്കുമൊപ്പം താനിപ്പോൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. സിനിമയിൽ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യുന്നു. ഇതുവരെ നൂറ് പടങ്ങളിൽ അഭിനയിച്ചു. ഇനിയും നിരവധി സിനിമകൾ ചെയ്യണം. സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ നേടണം. ഈ ആഗ്രഹങ്ങൾ കൊണ്ടുനടക്കുന്ന തന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചുവയ്ക്കണോ എന്നും അത് നല്ലതാണോ എന്നും രേഖ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here