Advertisement

ഓ, മനോഹരാണ്…!

September 27, 2019
Google News 1 minute Read

മനോഹരത്തിന് മറ്റൊരു ടാഗ് ലൈൻ ആവശ്യമില്ല. സിനിമ പേരു പോലെ മനോഹരമാണ്. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് അഞ്ചു വർഷങ്ങൾക്കു ശേഷം മനോഹരം എന്ന ചിത്രവുമായി അൻവർ സാദിഖ് എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ അയാളെത്തി നിൽക്കുന്നത് ഭേദപ്പെട്ട ഇടത്തു തന്നെയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ, നുറുങ്ങു കോമഡികളും മനോഹര ഗാനങ്ങളും ഉൾപ്പെടെ ഫാമിലി ഓഡിയൻസിന് ആസ്വദിക്കാൻ പറ്റുന്നതെല്ലാം സിനിമയിലുണ്ട്.

വളരെ മികച്ച ഒരു ചിത്രകാരനാണ് മനോഹരൻ. സ്‌കൂൾ കലോത്സവത്തിൽ മനോഹരന്റെ ചിത്രരചനയിൽ നിന്ന് തുടങ്ങുന്ന സിനിമ വികാസം പ്രാപിക്കുന്നത് അവന്റെ ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുവടു പിടിച്ചാണ്.

സെൽഫ് ബിലീഫ് തീരെയില്ലാത്ത, അനാവശ്യമായ കോംപ്ലക്‌സുകളുള്ള ഒരു നാട്ടിൻ പുറത്തുകാരൻ. അവൻ ആരെയൊക്കെയോ ബോധിപ്പിക്കാനായി നാട്ടിലെ ആദ്യത്തെ ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റ് തുടങ്ങുകയാണ്. പക്ഷേ, അത് വിചാരിക്കും പോലെ നന്നാവുന്നില്ല. പലതരം ഇമോഷണൽ ചാഞ്ചാട്ടങ്ങളിലൂടെ മുന്നേറുന്ന കഥാഗതി അവസാനം ആകുമ്പോഴേക്കും മനോഹരന്റെ തിരിച്ചറിവിലും സെൽഫ് ബിലീഫിലും അവസാനിക്കുകയാണ്. സിനിമ അവസാനിച്ച് എൻഡ് ക്രെഡിറ്റ് പ്രത്യക്ഷപ്പെടുമ്പോൾ മൃദുവായി ഒന്നു കയ്യടിച്ച് മനസ്സ് നിറഞ്ഞ് തീയറ്റർ വിടാം.

ഒന്നാമതായി വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയുടെ ജീവൻ. സമീപകാലത്തായി അഭിനയ കലയിൽ ഏറെ വികാസം പ്രാപിച്ച നടനെന്ന ലേബൽ സുരക്ഷിതമായി സൂക്ഷിക്കാൻ വിനീതിനു സാധിച്ചിട്ടുണ്ട്. വിശേഷിച്ചും വിനീതിന്റെ പ്രണയമൊക്കെ മനോഹരമായിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലെ രവി പദ്മനാഭൻ എന്ന കഥാപാത്രത്തിലൂടെ കോമഡി തരക്കേടില്ലാതെ കൈകാര്യം ചെയ്ത വിനീത് മനോഹരത്തിലെത്തുമ്പോൾ അത് തുടരുകയാണ്. നിയന്ത്രിതാഭിനയം തനിക്ക് വഴങ്ങുമെന്ന് വിനീത് ചിത്രത്തിലൂടെ തെളിയിച്ചു കഴിഞ്ഞു.

മനോഹരന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരികയും പിന്നെ അയാളുടെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ശ്രീജയായി വേഷമിട്ട അപർണയും ഗംഭീരമാക്കി. നായികയായി അഭിനയിക്കുന്ന ആദ്യ സിനിമയുടെ പകപ്പുകളില്ലാതെ അനായാസമാണ് അപർണ ശ്രീജയായി പരകായ പ്രവേശം നടത്തിയത്. ഓൺ സ്‌ക്രീനിൽ വിനീതും ശ്രീജയും തമ്മിലുള്ള കെമിസ്ട്രിയും മനോഹരമായി. വിശേഷിച്ചും ബസ് സ്റ്റോപ്പിൽ ഇരുവരും പ്രണയം പറയാതെ പറയുന്ന ഒരു സീനുണ്ട്. അതാണ് സിനിമയിലെ ഹൈലറ്റ്.

മനോഹരന്റെ അടുത്ത സുഹൃത്ത് പ്രഭു ആയി വേഷമിട്ട ബേസിൽ ജോസഫും നടൻ എന്ന നിലയിൽ കൂടുതൽ മികവിലേക്കാണ്. കോമഡി ടൈമിംഗ് ഒക്കെ വളരെ നന്നായി. സിനിമയുടെ മൂഡ് ലൈറ്റ് ആക്കുന്നതിൽ ബേസിലിന്റെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. അതിനോടൊപ്പമാണ് ഹരീഷ് പേരടിയുടെ കഥാപാത്രം. ഇതുവരെ കണ്ടതിൽ നിന്നും ട്രാക്ക് മാറി കോമഡി കൈകാര്യം ചെയ്ത ഹരീഷ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ കൈതേരി സഹദേവനിൽ നിന്നും പൂർണ്ണമായി പുറത്തു കടന്ന ചിത്രവും ഇത് തന്നെയാണ്. ഇന്ദ്രൻസ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ചെയ്തു വന്ന സീരിയസ് റോളുകളിൽ നിന്ന് തമാശ റോളിലേക്ക് കൂടുമാറ്റം നടത്തിയതും നന്നായി.

രാഹുൽ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് ചെറു വേഷങ്ങളിലൂടെ തുടർന്നു വന്ന തന്റെ സിനിമാ ജീവിതം അടുത്ത ട്രാക്കിലേക്ക് ഗതിമാറ്റാനുള്ള മൈലേജ് കാഴ്ച വെച്ചു. വളരെ അനായാസം രാഹുലിനെ പകർന്നാടിയ അദ്ദേഹത്തെ വരുംവർഷങ്ങളിൽ കൂടുതലായി മലയാള സിനിമ ഉപയോഗിച്ചേക്കാം. നന്ദിനി, അഹ്മദ് സിദ്ദിഖ്, വികെ പ്രകാശ് എന്നിങ്ങനെ സ്‌ക്രീനിൽ വന്നു പോയവരൊന്നും മോശമാക്കിയില്ല.

പാട്ടുകളാണ് സിനിമയുടെ മറ്റൊരു സവിശേഷത. സിനിമയുടെ കഥാഗതിയെ തടസ്സപ്പെടുത്താതെ അനായാസം പാടിപ്പോകുന്ന ഗാനങ്ങൾ സിനിമയുമായി ചേർന്നു പോയി. സഞ്ജീവ് തോമസും ജിയോ പോളും പാട്ടുകളുടെ മനോഹാരിത കൊണ്ട് കയ്യടി അർഹിക്കുന്നു. ജെബിൻ ജേക്കബിന്റെ ഫ്രെയിമുകളും ഇതോടൊപ്പം ചേർത്തു വായിക്കണം. പാലക്കാടൻ സൗന്ദര്യം വളരെ ഗംഭീരമായിത്തന്നെ ജെബിൻ ക്യാമറയിലാക്കിയിട്ടുണ്ട്.

മനോഹരം എന്ന ചിത്രം ശ്രദ്ധേയമാകുന്നത് ആ ചിത്രത്തിന്റെ പ്രമേയത്തിന്റെ നൈതികത കൊണ്ടാണ് എന്ന് പറയേണ്ടി വരും. സത്യം പറയട്ടെ, ഇത്തരമൊരു കഥയുമായി ഒരു നിർമാതാവിനെ സമീപിച്ചാൽ, എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ അമാനുഷിക ശേഷികളൊന്നും വേണ്ട. എവിടെയും പൊട്ടിപ്പോകാവുന്ന ഒരു കഥാതന്തു അതിമനോഹരമായി ദൃശ്യവത്കരിച്ചു എന്നതിനപ്പുറം, ഇത്തരമൊരു കഥ സിനിമയാക്കാൻ മുന്നിട്ടിറങ്ങിയ നിർമാതാക്കൾക്ക് കൊടുക്കണം കൈയടി!

അടുത്തതായി ശ്ലാഘിക്കേണ്ടത് സംവിധായകനെയല്ല. എഡിറ്ററെയാണ്.(സിനിമയിൽ എന്തു വേണം എന്ന് തീരുമാനിക്കേണ്ടത് സംവിധായകൻ തന്നെയാണ് എന്നറിയാം…) പണ്ട് ചെമ്മീൻ സിനിമയിൽ കറുത്തമ്മയുടെ വിവാഹം നടന്നതിന്റെ കാഴ്ച മുഴുവൻ, വാഴയിലയിലെ എച്ചിൽ കാക്കകൾ തിന്നു തീർക്കുന്ന ഒറ്റ ഷോട്ടിൽ കാണിച്ച് അനുവാചകരെ ഞെട്ടിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. അത്തരത്തിൽ ഒരു കൂട്ടം ഇമേജറീസ് മനോഹരത്തിൽ അതിഗംഭീരമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.

പാലക്കാടൻ ഭാഷാ പ്രയോഗം പലയിടത്തും കല്ലുകടി ആവുന്നുണ്ടെങ്കിലും, കോയമ്പത്തൂരുമായുള്ള ‘അകലം കുറവ്’ കഥാവികാസത്തിന് മാറ്റ് കൂട്ടുന്നുണ്ട്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ മൃദംഗിസ്റ്റിനെ അത്രയെളുപ്പം സിനിമാസ്വാദകർക്ക് മറക്കാനാവില്ല. ദേവാസുരം സിനിമയിൽ രേവതി ചെയ്യുന്ന കഥാപാത്രത്തിന് ദേശീയ തലത്തിൽ പ്രകടനം നടത്താൻ അവസരമൊരുക്കുന്ന സംഘാടകനേയും നമ്മൾ എന്നും സ്മരിക്കും.

അലിഭായ് എന്ന കഥാപാത്രമായി മനോഹരത്തിൽ നിർണായക വേഷം കൈകാര്യം ചെയ്ത ദില്ലി ഗണേശ് എന്ന മെത്തേഡ് ആക്ടർ, സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടിയപ്പോൾ, പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.ഗ്രാമ്യ ഭംഗി. നൈർമല്യം, സത്യസന്ധമായ ഇടപെടൽ, എവിടെയും ചീറ്റിപ്പോകാവുന്ന കഥാതന്തുവിനെ അതിസമർത്ഥമായി കൈകാര്യം ചെയ്തത്…. സംവിധായകനെ നമിക്കാതെ വയ്യ! പണ്ട്, സത്യൻ അന്തിക്കാടിന്റെ മഴവിൽക്കാവടി റിലീസ് ചെയ്തപ്പോൾ ഉള്ള ഒരു ഫീൽ!

ആദ്യ ഷോയ്ക്ക് വിരലിൽ എണ്ണാവുന്നവർ മാത്രം! പക്ഷേ, ഉദാത്തമായ ചലച്ചിത്ര കാവ്യം ഒന്നുമല്ലെങ്കിലും, മനോഹരം മലയാളി പ്രേക്ഷകർ നെഞ്ചേറ്റുമെന്നുറപ്പ്! കാരണം, ഇതൊരു ചൂണ്ടുപലകലാണ്. നല്ല സിനിമയെ കൈപിടിച്ചുയർത്താൻ നല്ല നിർമാതാക്കൾ മുന്നോട്ടു വരണം എന്നതിന്റെ ദിശാസൂചിക!

കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന, മനോഹരമായ ഒരു ചിത്രമാണ് മനോഹരം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here