‘യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീത്’; പൊട്ടിത്തെറിച്ച് നേതാക്കൾ

പാലായിലേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് യുഡിഎഫ് നേതൃത്വം. യുഡിഫിലെ അനൈക്യത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുന്നണി പരിശോധിക്കും. വരുന്ന ഉപതെരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുമെന്നും രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തർക്കം തോൽവിക്ക് കാരണമായെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. തർക്കം പരിഹരിക്കുന്നതിനിടെ പ്രചാരണം വേണ്ട രീതിയിൽ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ അനൈക്യത്തിന് ജനങ്ങൾ നൽകിയ ഷോക് ട്രീറ്റ്‌മെന്റാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എം കെ മുനീറും പറഞ്ഞു.

Read Also: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേൽപിക്കുന്ന തോൽവിയാണെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം യുഡിഫിനല്ല, കേരള കോൺഗ്രസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കകത്തെ പാർട്ടികൾ തമ്മിൽ മത്സരം പാടില്ലെന്നായിരുന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞത്. തോൽവിക്ക് കാരണം യുഡിഎഫിന്റെ പ്രചാരണത്തിലുണ്ടായ വീഴ്ചയല്ലെന്നും ഗ്രൂപ്പ് തർക്കങ്ങൾ അതിരുവിട്ടാൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളേയും ബാധിക്കുമെന്നും കെ വി തോമസും പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top