പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം കൂടുതൽ ഉത്തരവാദിത്തമാണ് എൽഡിഎഫിന് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരനൂറ്റാണ്ടിലധികമായി തങ്ങൾ വിജയിക്കാതിരിക്കുന്ന മണ്ഡലമാണ് പാലാ. യുഡിഎഫിന്റെ ശക്തികേന്ദ്രമാണെന്ന് അവർ വിശ്വസിക്കുന്ന മണ്ഡലം. തൊട്ടുമുന്നിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം യുഡിഎഫിന് നേടാൻ കഴിഞ്ഞ ഒരു മണ്ഡലം കൂടിയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പാലാ ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ നിങ്ങൾ ഒരു ചോദ്യം തന്നോട് ചോദിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വിലയിരുത്തലാകുമോ ഉപതെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു നിങ്ങളുടെ ചോദ്യം. അന്ന് താൻ പറഞ്ഞത് ഏത് തെരഞ്ഞെടുപ്പും നിലവിലുള്ള സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്നതാണ് എന്നായിരുന്നു. തങ്ങൾ നല്ല ഫലം പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞത് തങ്ങൾക്ക് ജനങ്ങളിൽ നല്ല വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാലാ ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്റെ മാണി സി കാപ്പൻ വിജയിച്ചത്. 1965 മുതൽ കെ എം മാണിയെ പിന്തുണച്ച മണ്ഡലം ഇത്തവണ എൽഡിഎഫിനൊപ്പം നിന്നു. മാണി സി കാപ്പന് 54,137 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് 51,194 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്ക് 18,044 വോട്ടുകളാണ് നേടാനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here