ശബരിമല വരുമാനം കുറഞ്ഞതോടെ ദേവസ്വം ബോർഡിൽ സമ്പത്തിക പ്രതിസന്ധി; വായ്പയെടുത്തതിൽ അഴിമതി ആരോപണം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍. ശബരിമല വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൂടി ലഭിക്കാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. തുടര്‍ന്ന് കരാറുകാര്‍ക്ക് നല്‍കാനും ഓണത്തിനു ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനുമായി സ്ഥിരനിക്ഷേപം പണയപ്പെടുത്തി ദേവസ്വം ബോര്‍ഡ് 36 കോടി രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തു. എന്നാല്‍ വായ്പയെടുത്തതില്‍ അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനുള്ള ഫണ്ട് മുന്‍കൂറായി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവു വന്നതോടെ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി. വരുമാനം കുറഞ്ഞതിനു പകരമായി 100 കോടി രൂപയുടെ ധനസഹായം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഗഡു ഓണത്തിനു മുമ്പ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിച്ചില്ല. ഇതോടെ ഓണക്കാലത്ത് കരാറുകാര്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും പണമില്ലാതെയായി. തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്കിലുള്ള സ്ഥിരനിക്ഷേപം പണയപ്പെടുത്തി ബാങ്കിന്റെ നന്തന്‍കോട് ശാഖയില്‍ നിന്നും 36 കോടി വായ്പയെടുത്തത്. അടുത്ത ശബരിമല സീസണിലേക്കുള്ള ലേലം ഒക്‌ടോബറില്‍ നടക്കുമ്പോള്‍ മാത്രമാണ് ഇനി ദേവസ്വം ബോര്‍ഡിനു തുക ലഭിക്കുക.
എന്നാല്‍ സ്ഥിര നിക്ഷേപം പണയപ്പെടുത്തി വായ്പയെടുത്തതില്‍ അഴിമതി ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ സഹായം ഉടന്‍ ലഭിക്കുമെന്നിരിക്കെ കരാറുകാര്‍ക്ക് നല്‍കാനായി ധൃതിപിടിച്ച് വായ്പയെടുത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം. ബോര്‍ഡിന്റെ കാലാവധി അടുത്ത മാസം കഴിയുമെന്നിരിക്കെ അതിനു മുമ്പു തുക നല്‍കി കരാറുകാരില്‍ നിന്നും കമ്മിഷന്‍ വാങ്ങാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കമാണിതെന്നാണ് ആക്ഷേപം. ബോര്‍ഡിന്റെ ആസ്ഥാനത്തുള്ള സെക്ഷനില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഫയലുകള്‍ മാറ്റിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here