Advertisement

ശബരിമലയിലെ ചരിത്ര വിധിക്ക് ഇന്ന് ഒരാണ്ട്

September 28, 2019
Google News 1 minute Read

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയ്ക്ക് ഇന്ന് ഒരു വയസ്. വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ കേരള സർക്കാരും ഇതിനെതിരെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധങ്ങളും സംസ്ഥാനത്തുണ്ടാക്കിയ നാടകീയ സംഭവങ്ങളുടെ അലയൊലികൾക്ക് ഇന്നും അവസാനമായിട്ടില്ല. വിധിക്കെതിരെ സമർപ്പിച്ച അറുപത്തിയഞ്ചോളം ഹർജികളിലെ തീരുമാനത്തിന് കാതോർത്തിരിക്കുകയാണ് രാജ്യം.

പന്ത്രണ്ടുവർഷത്തെ സംഭവബഹുലമായ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ശബരിമലക്കേസിൽ സുപ്രിംകോടതി വിധിപറഞ്ഞത്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിൻബലമേകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്ന് ബി വകുപ്പ് ചരിത്രവിധിയിലൂടെ കോടതി റദ്ദാക്കി. ഈ ആവശ്യവുമായി 2006ൽ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചത്. അന്നത്തെ ഇടതുസർക്കാർ ഇതിന് അനുകൂലമായി സത്യവാങ്മൂലവും നൽകി. എന്നാൽ 2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചിനുമുമ്പാകെ കേസെത്തിയപ്പോൾ അധികാരത്തിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലം തിരുത്തി.

Read Alsoശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാടിൽ മാറ്റമില്ല; വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയും മുന്നണിയും

ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമായിരുന്നു സർക്കാർ വാദം. പിന്നീട്, കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോൾ പിണറായി വിജയൻ സർക്കാരായിരുന്നു അധികാരത്തിൽ. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ആദ്യ സത്യവാങ്മൂലത്തിലെ നിലപാടാണ് തങ്ങൾക്കെന്ന് ഇടതുസർക്കാർ അറിയിച്ചു.

വിധി നടപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയതോടെ സമാനതകൾ ഇല്ലാത്ത പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷിയായത്. ആരാധന മന്ത്രമായ നാമജപം മുദ്രാവാക്യമായതോടെ അയ്യപ്പന്റെ സന്നിധാനം സമരമുഖമായി. ഇതിനിടെ കനക ദുർഗ, ബിന്ദു അമ്മിണി എന്നീ യുവതികൾ ശബരിമലയിൽ സന്ദർശനം നടത്തിയത് ആഗോള ശ്രദ്ധ നേടി. ലക്ഷകണക്കിന് വനിതകളെ പങ്കെടുപ്പിച്ച് കേരളമെങ്ങും വനിതാ മതിൽ തീർത്തതും ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.

പുനഃപരിശോധനാ ഹർജികളും റിട്ടുകളും ഉൾപ്പെടെ ഇതിനോടകം അറുപത്തിയഞ്ചോളം പരാതികളാണ് വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയത്. ഈ ഹർജികളിൽ നവംബറോടെ വിധി പറയുമെന്നാണ് പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here