റിയൽ ലൈഫ് ഓർഫൻ: ദത്തെടുത്ത ആറു വയസ്സുകാരിക്ക് ശരിക്കും 22 വയസ്സെന്ന് അമ്മ; തങ്ങളെ കൊല്ലാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ

2009ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഹൊറർ സിനിമയാണ് ഓർഫൻ. അമേരിക്ക, കാനഡ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വെച്ചത്. 9 വയസ്സുള്ള എസ്തർ എന്ന പെൺകുട്ടിയെ ദത്തെടുത്ത ദമ്പതികൾക്ക് അഭിമുഖീകരിക്കേണ്ടി വന്ന അവിശ്വസനീയമായ അനുഭവങ്ങളായിരുന്നു സിനിമയുടെ കാതൽ. എസ്തർ കാഴ്ചയിൽ മാത്രമാണ് 9 വയസ്സുകാരിയെന്നും ശരിക്കും അവൾക്ക് മുപ്പതു വയസ്സിനു മുകളിലുണ്ടെന്നും ദമ്പതിമാർ വളരെ വൈകിയാണ് തിരിച്ചറിയുന്നത്. ഇവരെ കൊലപ്പെടുത്താൻ പോലും എസ്തർ ശ്രമിക്കുന്നുണ്ട്. അതിനു സമാനമായ ഒരു സംഭവം അമേരിക്കയിലെ ഇന്ത്യാനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.

ക്രിസ്റ്റിൻ ബാർനറ്റും അവരുടെ മുൻ ഭർത്താവ് മൈക്കൽ ബാർനറ്റും കൂടി ഫ്ലോറിഡയിലെ ഒരു അനാഥാലയത്തിൽ നിന്ന് നതാലിയ ഗ്രേസ് എന്ന യുക്രേനിയൻ പെൺകുട്ടിയെ ദത്തെടുത്തു. ആറു വയസ്സുകാരിയായ നതാലിയ തങ്ങളുടെ കുടുംബത്തിലെ അംഗമാകുന്നത് ഇരുവരെയും ഏറെ സന്തോഷിപ്പിച്ചു.

എന്നാൽ ഈ സന്തോഷം ഏറെ നാൾ നീണ്ടു നിന്നില്ല. നതാലിയ ആറു വയസ്സുകാരിയല്ലെന്ന് ദമ്പതിമാർക്കു തോന്നി. അവൾക്ക് അതിനെക്കാൾ പ്രായമുണ്ടെന്ന് അവർ സംശയിച്ചു. നതാലിയയുടെ കൂട്ട് കൗമാരക്കാരോടാണെന്നും അവൾക്ക് മാനസിക വൈകല്യങ്ങൾ ഉണ്ടെന്നും ദമ്പതിമാർ ആരോപിച്ചു. ഏറെ വൈകാതെ നതാലിയ തങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ദമ്പതിമാർ ആരോപിച്ചു.

കുട്ടിക്ക് ഗുഹ്യരോമങ്ങൾ ഉണ്ടായിരുന്നുവെന്ന് ക്രിസ്റ്റിൻ പറയുന്നു. ആറു വയസ്സുകാരിയായ ഒരു കുട്ടിക്ക് എങ്ങനെ ഗുഹ്യരോമങ്ങൾ ഉണ്ടാവുമെന്നാണ് അവരുടെ ചോദ്യം. നതാലിയക്ക് മാസമുറ ഉണ്ടാകാറുണ്ടെന്നും അത് തങ്ങളിൽ നിന്നു മറച്ചു പിടിക്കുകയാണെന്നും ക്രിസ്റ്റിൻ ആരോപിച്ചു. വസ്ത്രത്തിൽ പലപ്പോഴും രക്തക്കറ കണ്ടുവെന്നും അത് മാസമുറ തന്നെയാണെന്നുമാണ് ക്രിസ്റ്റിൻ്റെ അവകാശവാദം.

അതിനു ശേഷം ദമ്പതിമാർ നതാലിയയുടെ എല്ല് പഴക്കം ടെസ്റ്റ് ചെയ്തപ്പോൾ അത് 14 വയസ്സുകാരിയുടേതാണെന്ന് കാണിച്ചു. ഇത് നതാലിയയോട് അന്വേഷിച്ചപ്പോൾ അവൾ പ്രശ്നമുണ്ടാക്കി. അവൾ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചു. കാപ്പിയിൽ കുമ്മായം ഒഴിച്ചു. രാത്രി മൂർച്ചയുള്ള ആയുധങ്ങൾ ചൂണ്ടി ബെഡിൽ എഴുന്നേറ്റ് നിൽക്കുമായിരുന്നു. ഒരു വൈദ്യുത വേലിയിലേക്ക് തള്ളിയിട്ട് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ക്രിസ്റ്റിൻ പറയുന്നു.

ഇതോടെ ഇവർ നതാലിയയെ ഉപേക്ഷിച്ച് കാനഡയിലേക്ക് കടന്നു. ദത്തെടുത്ത കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ഇവർ അറസ്റ്റിലായി. ഇതോടെയാണ് ഈ കഥകൾ ചുരുളഴിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top