‘കേരളത്തിലെ ബിജെപി പരാജയം’; തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ

ബിജെപിയെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബിജെപി പരാജയമാണെന്നും ബിജെപിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ എൻഡിഎ മുന്നണിയിൽ ബിജെപിയും ബിഡിജെഎസും തമ്മിലുള്ള തർക്കം രൂക്ഷമായി നിൽക്കുന്നതിനിടെയാണ് ബിജെപി നേതൃത്വത്തെ കുന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ അറിയിച്ച വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിനുള്ള അംഗീകാരമാണ് വിജയമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം നല്ലതാണെന്ന് പറയാൻ അവർ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായി ഭരണത്തിൽ അഴിമതി കുറവാണെന്ന് പറഞ്ഞ അദ്ദേഹം എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളെ താരതമ്യം ചെയ്യുകയും ചെയ്തു.
അരൂരിൽ ആര് ജയിക്കും എന്ന് പറയാൻ സമയമായില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോന്നിയിലെ സ്ഥാനാർത്ഥി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സുകുമാരൻ നായർ സംഘത്തിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here