വയനാട് പഠനം ഉപേക്ഷിച്ച കുട്ടികളെ പൊലീസ് ഏറ്റെടുക്കുന്നു; കുട്ടികൾക്ക് പരിശീലനം നൽകി പരീക്ഷയെഴുതിക്കും

പഠനം നിര്‍ത്തി കറങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പരീക്ഷ ജയിപ്പിക്കാന്‍ ഇനി വയനാട് പോലീസും. ജനമൈത്രി പോലീസും എസ്പിസിയും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് തയ്യാറാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായാണ് വയനാട് പോലീസ് പഠനം നിര്‍ത്തിയ കുട്ടികളെ തേടി ഇറങ്ങുന്നത്. കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കി പത്താം ക്ലാസ് പരീക്ഷയില്‍ വിജയികളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

ജില്ലയിലാകെ 318 കുട്ടികളാണ് പത്താം ക്ലാസ് പരാജയപ്പെട്ടതിനാല്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചത്. ഇതില്‍ മിക്കവരും സമാന്തരമായി പഠനം തുടരുന്നതായ് പോലീസ് കണ്ടെത്തി. പഠനം പൂര്‍ണ്ണമായി ഉപേക്ഷിച്ച മറ്റ് കുട്ടികളെയാണ് പോലീസ് ഏറ്റെടുക്കുന്നത്. ഹെല്‍പ്പിംഗ് അദേഴ്‌സ് ടു പ്രമോട്ട് എജ്യുക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണിത്. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് കേന്ദ്രങ്ങളിലായി മികച്ച പരിശീലനം നല്‍കി പത്താം ക്ലാസ് പരീക്ഷയെഴുതിക്കും. രക്ഷിതാക്കള്‍ക്കും ഇതിനൊപ്പം ക്ലാസ് നല്‍കും. പരിശീലനത്തിനുളള റിസോഴ്‌സ് പേഴ്‌സന്‍സ് പാനല്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

പൊലീസ് കണ്ടെത്തിയ കുട്ടികള്‍ക്ക് വിദ്യാഭ്യാസവകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുക. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ക്ലാസുകള്‍ ആദ്യം നല്‍കി പാഠ്യവിഷയങ്ങളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം. പദ്ധതി വിജയിക്കുന്ന മുറക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കി നല്‍കാനും പോലീസ് ആലോചിക്കുന്നുണ്ട്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top