വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനില്ല; ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളായി. സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി ബിജെപി പട്ടിക പുറത്തിറക്കി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് പകരം എസ് സുരേഷാണ് സ്ഥാനാർത്ഥിയാകുക. മഞ്ചേശ്വരത്ത് രവീന്ദ്ര തന്ത്രി കുണ്ടാറും എറണാകുളത്ത് സി ജി രാജഗോപാലും മത്സരിക്കും. അരൂർ കെപി പ്രകാശ് ബാബുവുമാണ് സ്ഥാനാർത്ഥി. കോന്നിയിൽ പ്രതീക്ഷിച്ചതുപോലെ കെ സുരേന്ദ്രൻ തന്നെയാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയത്.
വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കണമെന്ന പാർട്ടിയുടേയും ആർഎസ്എസിന്റെയും തീരുമാനം നടപ്പിലാക്കപ്പെടുമെന്നായിരുന്നു ഇന്ന് രാവിലെ വരെയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിനിടെ വട്ടിയൂർക്കാവിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം പുനഃപരിശോധന നടത്തുന്നതായി വാർത്തകൾ വന്നു. കുമ്മനത്തിന് പകരം മറ്റാരെയെങ്കിലും പരിഗണിച്ചേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. സംസ്ഥാന ബിജെപി നേതാക്കളിൽ ചിലർ കേന്ദ്രത്തിന്റെ നീക്കം സ്ഥിരീകരിച്ചിരുന്നു.
വട്ടിയൂർക്കാവിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വട്ടിയൂർക്കാവിലടക്കം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിരുന്നു.
വട്ടിയൂർക്കാവിൽ മേയർ വികെ പ്രശാന്താണ് എൽഡിഎഫ് സ്ഥാനാർത്ഥി. മുൻ എംഎൽഎ വികെ മോഹൻ കുമാറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവർക്കും ബദലായി ശക്തനായ നേതാവിനെ തന്നെ വേണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ പരിഗണിച്ചിരുന്നതെന്നായിരുന്നു സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here