പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കും; സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ

kummanam rajasekharan

വട്ടിയൂർക്കാവിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ ട്വന്റിഫോറിനോട് പറഞ്ഞു. വട്ടിയൂർക്കാവിലടക്കം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറിഞ്ഞിരുന്നു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. എന്ത് തീരുമാനമുണ്ടായാലും അത് അംഗീകരിക്കാൻ തയ്യാറാണ്. അതനുസരിച്ച് പ്രവർത്തിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി കോർ കമ്മിറ്റിയിൽ ഉയർന്നത്. എന്നാൽ മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാട് കുമ്മനം സ്വീകരിച്ചു. കോർ കമ്മിറ്റിയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കുമ്മനം രാജശേഖരന്റെ പേര് ഉൾപ്പെടുത്തിയുള്ള പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിരുന്നു. കുമ്മനം വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിന് ആർഎസ്എസിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

വട്ടിയൂർക്കാവിൽ മേയർ വികെ പ്രശാന്താണ് എൽഡിഎഫ് സ്ഥാനാർത്ഥി. മുൻ എംഎൽഎ വികെ മോഹൻ കുമാറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവർക്കും ബദലായി ശക്തനായ നേതാവിനെ തന്നെ വേണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top