സാമ്പത്തിക മാന്ദ്യം മറികടക്കാൻ ആർബിഐയിൽ നിന്ന് മുപ്പതിനായിരം കോടിരൂപ കൂടി ആവശ്യപ്പെടാൻ കേന്ദ്രനീക്കം

സാമ്പത്തികമാന്ദ്യം മറികടക്കാൻ റിസർവ് ബാങ്കിൽ നിന്ന് മുപ്പതിനായിരം കോടി രൂപ കൂടി ആവശ്യപ്പെടാൻ കേന്ദ്രസർക്കാർ നീക്കം. ധനക്കമ്മി കുറയ്ക്കാനും ജിഡിപി നിരക്ക് ഉയർത്താനുമാണ് കേന്ദ്രത്തിന്റെ ശ്രമം.
2019-20 സാമ്പത്തിക വർഷത്തെ ധനക്കമ്മി 3.3 ശതമാനമായി നിലനിർത്താനാണ് റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതം ആവശ്യപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി ചുരുങ്ങിയത്, അടുത്ത പാദത്തിൽ ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
നേരത്തെ കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രസർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ലാഭവിഹിതവും കേന്ദ്രം ആവശ്യപ്പെടുന്നത്.
ജനുവരിയിൽ ഇത് സംബന്ധിച്ചു കേന്ദ്രം അന്തിമ തീരുമാനമെടുത്തേക്കും. 2019-20 ബജറ്റ് അനുസരിച്ച് 7.10 ലക്ഷം കോടിയാണ് കടമെടുക്കാവുന്ന തുക. എന്നാൽ, ഒന്നാം പാദത്തിൽ തന്നെ 4.45 ലക്ഷം കോടി കടമെടുത്തു കഴിഞ്ഞു. കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളർച്ചയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here