പ്രീസീസൺ ഫ്രണ്ട്‌ലി; റിയൽ കാശ്മീരിനോട് ബ്ലാസ്റ്റേഴ്സിനു തോൽവി

ഐഎസ്എൽ സീസണിനു മുന്നോടിയായി കൊച്ചിയിൽ നടന്ന പ്രീസീസൺ ഫ്രണ്ട്‌ലിയിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ഐലീഗിലെ കരുത്തരായ റിയൽ കശ്മീരാണ് എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യയിൽ നടന്ന ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം പ്രീസീസൺ മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയ റിയൽ കശ്മീർ ലീഡ് നിലനിർത്തി ജയം പിടിക്കുകയായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ബ്ലാസ്റ്റേഴ്സിനായി ടി.പി രഹനേഷ്, സന്ദേശ് ജിം​ഗൻ, അബ്ദുൾ ഹക്കു, മുഹമ്മദ് റാക്കിപ്, ജെസൽ കാർനേറിയോ, മുസ്തഫാ ജിങ്, സഹൽ അബ്ദുൾ സമദ്, സെർജിയോ സിഡോൻച, ഹളിചരൻ നർസാറി, കെ.പ്രശാന്ത്, ബർത്തലോമിയോ ഒ​ഗ്ബച്ചെ എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. ഒഗ്ബച്ചെയാണ് ക്യാപ്റ്റൻ്റെ ആം ബാൻഡ് ധരിച്ചത്.

ആദ്യത്തെ പ്രീസീസൺ മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. റിയൽ കശ്മീരിനെതിരെ പരാജയം രുചിക്കേണ്ടി വന്നെങ്കിലും റിസൽട്ട് ആശങ്കപ്പെടുത്തുന്നതല്ല.

നേരത്തെ യുഎഇയിൽ നടന്ന പ്രീ സീസൺ ടൂർ പാതിവഴിയിൽ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് മടങ്ങിയിരുന്നു. സംഘാടകരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ഉപേക്ഷിച്ചത്. മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവരാണ് ചെയ്യുന്നത്. ഇവർ പറഞ്ഞ വാക്കു പാലിച്ചില്ലെന്നും സംഘാടകർ നന്നായി പരിഗണിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട അറിയിപ്പിൽ സൂചിപ്പിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top