രോഗം മാറാൻ രണ്ടര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റിൽ

രോഗം മാറാനെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ പിതാവ് പുഴയിലൊഴുക്കി. അസമിലെ ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിൽ സെപ്തംബർ 27നാണ് സംഭവം. മന്ത്രവാദിയുടെ നിർദേശ പ്രകാരമാണ് ഇയാൾ ക്രൂരത നടത്തിയത്. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പിതാവായ ബീർബൽ ബോഡോ (35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീർഘനാളായി രോഗബാധിതനായിരുന്നു ബീർബൽ. രോഗം മാറണമെങ്കിൽ മകളെ പുഴയിലെറിയണമെന്നായിരുന്നു മന്ത്രവാദി നിർദേശിച്ചത്. ഇതുപ്രകാരം മകളെയും കൊണ്ട് നടക്കാനിറങ്ങിയ ബീർബൽ കുട്ടിയെ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തെക്കുറിച്ചറിഞ്ഞ കുട്ടിയുടെ മാതാവും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് കൗർഭ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബീർബലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ സംഭവത്തിൽ മന്ത്രവാദികളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here