വിദേശ സൈനികര്‍ അടിയന്തരമായി രാജ്യത്ത് നിന്ന് പുറത്തുപോവണമെന്ന് സിറിയ

വിദേശ സൈനികർ അടിയന്തരമായി രാജ്യത്ത് നിന്ന് പുറത്തുപോവണമെന്ന് സിറിയ. സൈനികർ രാജ്യത്തിനകത്ത് തന്നെ തുടരുകയാണെങ്കിൽ അവർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും സിറിയൻ വിദേശകാര്യ മന്ത്രി വാലിദ് അൽ മുഅല്ലിം പറഞ്ഞു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു വാലിദ് അൽ മുഅല്ലിം.

വടക്കൻ സിറിയയിലെ അമേരിക്കയുടെയും തുർക്കിയുടെയും സൈനിക സാന്നിധ്യം അനധികൃതമാണ്. അനുമതിയില്ലാതെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നത് നേരിട്ടുള്ള അധിനിവേശമാണ്. ഇത് അനുവദിക്കാൻ സിറിയ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി വാലിദ് അൽ മുഅല്ലിം വ്യക്തമാക്കി.

വിദേശ സൈനികർ അടിയന്തരമായി രാജ്യത്ത് നിന്ന് പുറത്തുപോവണം. അതുണ്ടായില്ലെങ്കിൽ അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നും വാലിദ് അൽ മുഅല്ലിം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നൂറുകണക്കിന് രാജ്യങ്ങളിൽ എണ്ണമറ്റ തീവ്രവാദികളാണ് സിറിയയിലേക്ക് കടന്നത്. പല രാജ്യങ്ങളും തങ്ങളുടെ വഞ്ചനാപരമായ അജണ്ടകൾ നടപ്പാക്കുന്നതിന് തീവ്രവാദം ഒരു ഉപകരണമാക്കുകയാണെന്നും മുഅല്ലിം കുറ്റപ്പെടുത്തി.

2011 ലാണ് സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയത്. ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും വിമതരെ തുരത്താൻ സിറിയൻ സൈന്യത്തിന് സാധിച്ചെങ്കിലും രാജ്യത്തിൻറെ വടക്കൻ മേഖലയിൽ ഇപ്പോഴും കനത്ത യുദ്ധം തുടരുകയാണ്. ഇതിനോടകം മൂന്ന് ലക്ഷത്തി എഴുപതിനായിരം ജീവനുകളാണ് സിറിയൻ യുദ്ധത്തിൽ നഷ്ടപ്പെട്ടത്. സമാനതകളില്ലാത്ത അഭയാർത്ഥി പ്രതിസന്ധിയ്ക്കും യുദ്ധം വഴിവെച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top