Advertisement

മോദിയ്ക്കും അമിത് ഷായ്ക്കും രൂക്ഷ വിമർശനം; എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്

September 30, 2019
Google News 0 minutes Read

എന്‍ഡിഎ മുന്നണി വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്. മോദിയെയും അമിത്ഷായെയും പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പാര്‍ട്ടി നയം വ്യക്തമാക്കിയത്. ബിഡിജെഎസിന് വാഗ്ദാനം ചെയ്ത അധികാരസ്ഥാനങ്ങള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ടിവി ബാബു
വ്യക്തമാക്കുന്നു.

ബിഡിജെഎസിന്റെ ശക്തിയളക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപിക്കെതിരായ ഒളിയമ്പുകളാണ് ഏറെയും. ദാസ്യവേലയ്ക്ക് ഇരന്നു നില്‍ക്കണമെന്ന ഭാവമാണ് ചിലര്‍ക്കെന്ന് ബിജെപിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ടി.വി.ബാബു അതിനെ ഭേദിക്കുകയാണ് തങ്ങളുടെ മൗലികമായ ചുമതലയെന്നും അതിന് വൈകിയത് തങ്ങളുടെ മാത്രം കുറ്റമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. ബിഡിജെഎസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കഴിഞ്ഞെന്നും ലോകാരാധ്യരായ മോദിയും അമിത്ഷായും ഇനി മേലിലും ആന കൊടുത്താലും ആര്‍ക്കും ആശ കൊടുക്കരുതെന്ന പരിഹാസവും ഫേസ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്. ബിഡിജെഎസ് അണികള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കണമെന്നും പാര്‍ട്ടിക്ക് മൂന്ന് മുന്നണികളും ഒരുപോലെയാണെന്നും വ്യക്തമാക്കുന്നതിലൂടെ എന്‍ഡിഎ മുന്നണി സംവിധാനം തകര്‍ച്ചയിലേക്കെന്ന സൂചനയാണ് ബിഡിജെഎസ് നേതൃത്വം നല്‍കുന്നത്.

നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞതിനെത്തുടര്‍ന്ന് ബിഡിജെഎസ് കാലുവാരിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ സ്ഥാനമാനങ്ങളെച്ചൊല്ലി അരൂര്‍ സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്നും ബിഡിജെഎസ് പിന്‍മാറുകയും ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നിലപാട് എന്താകും എന്ന് ഏവരും ഉറ്റ് നോക്കുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ ഉത്തരം നല്‍കുന്നത്.

ടിവി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ബിഡിജെഎസ് ന്റെ
ശക്തി അളക്കുവാൻ ഈ
ഉപതെരഞ്ഞെടുപ്പുകൾ
ധാരാളം.
നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും. ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട
ദരിദ്ര ജനതക്ക് അധികാര വസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല.ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.
ലോകാരാധ്യരായി ഉയർന്നു വന്ന ബഹു: ശ്രീ. നരേന്ദ്ര മോഡിജി യോടും ശ്രീ: അമിത്ഷാ ജിയോടും
ഓർമ്മിപ്പിക്കാനുള്ളത് ഇത്രമാത്രം ” ആനയെ കൊടുത്താലും ആശകൊടുക്കരുതേ “

ബി ഡി ജെ എസ് അണികൾ ക്ഷമാപൂർവ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക.
ടി.വി.ബാബു,
ജനറൽ സെക്രട്ടറി
ബി ഡി ജെ എസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here